മൂന്ന് ദിവസത്തിനിടെ 46 ശതമാനം നേട്ടം, വിപണിയില്‍ മിന്നും താരമായി മലയാളികള്‍ സ്ഥാപിച്ച കമ്പനി

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചുചാടി ഓഹരി വിപണിയില്‍ അത്ഭുതതാരമായി മാറുന്ന കമ്പനികള്‍ വളരെ കുറവാണ്, എന്നാല്‍ അത്തരത്തില്‍ മൂന്ന് ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് 46 ശതമാനം നേട്ടം സമ്മാനിച്ചൊരു കമ്പനിയുണ്ട്, അത് സ്ഥാപിച്ചതാകട്ടെ മലയാളികളും. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എന്റര്‍പ്രൈസ് സോഫ്റ്റ്വെയര്‍ കമ്പനിയായ സുബെക്്‌സ് ലിമിറ്റഡാണ് ഓഹരി വിപണിയിലെ മിന്നും താരം. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 52 ശതമാനത്തിന്റെ നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചെങ്കില്‍ ഇന്ന് അത് മൂന്ന് ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ടാകും. ഒരുമാസത്തിനിടെ 65 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി കണ്ടു. നേരത്തെ 60-70 രൂപവരെയുണ്ടായിരുന്ന സുബെക്‌സിന്റെ ഓഹരിവില ഇടിവിലേക്ക് വീണതിന് പിന്നാലെയാണ് ഈ കുതിപ്പ്.

കുതിപ്പിന് കാരണം

ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ സുബെക്‌സുമായി കരാറിലേര്‍പ്പെട്ടതാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടത്തിന് കാരണം. ജിയോ 5ജി ഉല്‍പ്പന്നശ്രേണി വര്‍ധിപ്പിക്കുന്നതിനാണ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സുബെക്‌സുമായി ജിയോ ധാരണയായത്.

സുബെക്‌സും മലയാളികളും

ലോകമെമ്പാടുമുള്ള ടെലികോം കമ്പനികള്‍ക്ക് ഡിജിറ്റല്‍ ട്രസ്റ്റ് ഉപകരണങ്ങള്‍ നല്‍കുന്ന സുബെക്‌സ് സോഫ്റ്റ് വെയര്‍ രംഗത്ത് രാജ്യാന്തരതലത്തില്‍ ശക്തമായ സാന്നിധ്യമാണ്.

പാലക്കാട് സ്വദേശിയായ സുഭാഷ് മേനോന്‍, അലക്സ് പി ജെ, അലക്സ് പുത്തന്‍ചിറ എന്നിവര്‍ ചേര്‍ന്ന് 1992ല്‍ സ്ഥാപിച്ച സുബെക്സിന്റെ ചരിത്രം മിന്നിത്തിളങ്ങുന്ന വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കൂടിയാണ്.

1992-1999 കാലഘട്ടത്തില്‍ സുബെക്സ് ടെലികോം ഉല്‍പ്പന്നങ്ങളുടെ ട്രേഡിംഗ് രംഗത്തായിരുന്നു. 1999ല്‍ ടെലികോം മേഖലയിലേക്ക് വേണ്ട തട്ടിപ്പ് തടയുന്ന ഉല്‍പ്പന്നങ്ങളുടെയും വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പന്ന നിര്‍മാണ രംഗത്തേക്ക് സുബെക്സ് കടന്നു.

1999 - 2008 കാലത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന, രാജ്യാന്തര തലത്തിലേക്ക് ബിസിനസ് വളര്‍ത്തിയ കമ്പനികളുടെ നിരയിലായിരുന്നു സുബെക്സിന്റെ സ്ഥാനം. സുബെക്സ് സ്ഥാപകരായ സുഭാഷ് മേനോനും അലക്സ് പി ജെയും ഇന്ത്യന്‍ എന്റര്‍പ്രണേറിയല്‍ നെറ്റ് വര്‍ക്കുകളില്‍ നിറസാന്നിധ്യമായി.

2004 മുതല്‍ സുബെക്സ് വളര്‍ച്ചയുടെ ഭാഗമായി വന്‍ ഏറ്റെടുക്കലുകളും നടത്തിയിരുന്നു. 2007ല്‍ നടത്തിയ അത്തരമൊരു ഏറ്റെടുക്കല്‍ പക്ഷേ കാര്യങ്ങള്‍ തലകീഴായി മറിച്ചു. 165 ദശലക്ഷം ഡോളറിനുള്ള ഈ ഏറ്റെടുക്കലിനൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയും കൂടിയായപ്പോള്‍ സുബെക്സിന്റെ ദുര്‍ദശ തുടങ്ങി. ഓഹരി വില 300 രൂപയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 30 രൂപയിലെത്തി. കമ്പനിയുടെ സാരഥ്യത്തില്‍ നിന്ന് സ്ഥാപകര്‍ പുറത്തായി. ഇതോടെ കമ്പനിയുടെ സാരഥ്യത്തിലേക്ക് മാനേജ്മെന്റ് തലത്തിലുള്ളവര്‍ എത്തി. സുബെക്സിനൊപ്പം വര്‍ഷങ്ങളായുള്ള മലയാളിയായ വിനോദ് കുമാര്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റു. പിന്നീട് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ സുന്ദരമായൊരു ടേണ്‍ എറൗണ്ട് സ്റ്റോറി തന്നെ സുബെക്സ് രചിച്ചു.

2007 ലെ ഏറ്റെടുക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി കടക്കെണിയിലായ കമ്പനി വിനോദ് കുമാറിന്റെയും ടീമിന്റെ സാരഥ്യത്തില്‍ 2017 ഓടെ കടമില്ലാത്ത കമ്പനിയായി മാറി. ഇന്നും കടമില്ലാത്ത കമ്പനിയാണ് സുബെക്സ്.

ഐഒടി സെക്യൂരിറ്റി രംഗത്ത് ഊന്നല്‍ നല്‍കികൊണ്ടാണ് കമ്പനി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ലോകത്തിലെ 100 പ്രമുഖ ടെലികോം കമ്പനികളെ എടുത്താല്‍ അതില്‍ 75 ശതമാനവും സുബെക്സിന്റെ ഉപഭോക്താക്കളാണ്. ബ്രിട്ടീഷ് ടെലികോം, എയര്‍ടെല്‍, ജിയോ, വിഐ, ടി -മൊബീല്‍, എടി&ടി, ഓറഞ്ച്, സ്വിസ്‌കോം എന്നിവയെല്ലാം സുബെക്സിന്റെ ഉപഭോക്തൃനിരയിലുണ്ട്.

Dhanam News Desk
Dhanam News Desk  
Next Story
Share it