വീഴ്ചയിലേക്ക് പതിച്ച് ക്രിപ്‌റ്റോ, ബിറ്റ്‌കോയ്ന്‍ 18 മാസത്തെ താഴ്ന്ന നിലയില്‍
നിക്ഷേപകര്‍ക്ക് ആശങ്കവര്‍ധിച്ചതോടെ വീണ്ടും വീഴ്ചയിലേക്ക് പതിച്ച് ക്രിപ്‌റ്റോ വിപണി. ക്രിപ്‌റ്റോയിലെ ഏറ്റവും വലിയ ആസ്തിയായി കണക്കാക്കപ്പെടുന്ന ബിറ്റ്‌കോയ്‌നിന്റെ വില 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. യുഎസ് പണപ്പെരുപ്പത്തിലെ കുത്തനെയുള്ള വര്‍ധനവാണ് നിക്ഷേപകരെ ഭയാശങ്കയിലാക്കിയത്. തുടര്‍ന്ന് വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ ബിറ്റ്‌കോയിന്‍ വില കുത്തനെ ഇടിയുകയായിരുന്നു. അഞ്ച് ദിവസത്തിനിടെ ഏറ്റവും വലിയ ഡിജിറ്റല്‍ ടോക്കണിന്റെ വില 14 ശതമാനം ഇടിഞ്ഞ് 25,931.30 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ 69,000 ഡോളറിന് മുകളിലായിരുന്നു ബിറ്റ്‌കോയ്‌നിന്റെ വില. ഈ വര്‍ഷം മാത്രം 45.67 ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്‌കോയ്‌നിലുണ്ടായത്.
അതേസമയം, രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയായ എഥേറിയത്തിന്റെ വിലയില്‍ അഞ്ച് ദിവസത്തിനിടെ 24 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 24 മണിക്കൂറിനിടെ 4.66 ശതമാനം താഴ്ന്ന് എഥേറിയം 1,366.04 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 64 ശതമാനത്തോളം ഇടിഞ്ഞ എഥേറിയം അതിന്റെ 15 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
അതേസമയം ഷിബ ഇനു 0.000083 ഡോളറിലെത്തി. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം ഇന്ന് 1.08 ട്രില്യണ്‍ ഡോളറാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട് ശതമാനത്തോളമാണ് ഇടിഞ്ഞത്.
മെയ് മാസത്തില്‍ യുഎസ് പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചതായി വെള്ളിയാഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ക്രിപ്‌റ്റോ-ഓഹരി വിപണികളില്‍ വിറ്റഴിക്കലിന് കാരണമായി.