Begin typing your search above and press return to search.
ബിറ്റ്‌കോയിന്‍ മൂല്യം ഈ മാസം അവസാനത്തോടെ 31,000 ഡോളറാകുമെന്ന് പ്രവചനങ്ങള്‍
ഡിസംബര്‍ മൂന്നില്‍ നിന്ന് നാലിലെത്തിയപ്പോള്‍ ബിറ്റ്‌കോയിന്‍ മൂല്യം ഇടിഞ്ഞുവീണ് താഴ്ചയിലെത്തിയത് വലിയ ഞെട്ടലോടെയാണ് ക്രിപ്റ്റോ ലോകം കണ്ടത്. 57,000 ഡോളറിനു മുകളിലുണ്ടായിരുന്ന മൂല്യം 24 മണിക്കൂറിനിടെ 43,000 ആയി കുറഞ്ഞു. കുത്തനെ കുറഞ്ഞത് 25 ശതമാനത്തോളം. ആഴ്ചകള്‍ക്ക് മുന്നേയുണ്ടായിരുന്ന 69,000 ഡോളര്‍ എന്ന മൂല്യത്തില്‍ നിന്ന് 37 ശതമാനം താഴ്ന്നു.
48687 (ഡിസംബര്‍ 13) ഡോളറിനാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
ചൈനയില്‍ നിന്നുള്ള പിന്‍വാങ്ങല്‍
കടുത്ത നിയന്ത്രണം വന്നതോടെ ചൈനീസ് മെയിന്‍ലാന്റ് മാര്‍ക്കറ്റില്‍ നിന്ന് ക്രോപ്റ്റോകറന്‍സി പ്ലാറ്റ്ഫോമുകള്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതാണ് ഈ വമ്പന്‍ ഇടിവിന്റെ പ്രധാന കാരണം. ഹുബി ഗ്ലോബല്‍, ബിനാന്‍സ്, എം.ഇ.എക്സ്,സി, ബിറ്റ്ജെറ്റ്, കുകോയിന്‍, പോലോനിക്സ് തുടങ്ങിയ ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് പ്ലാറ്റ്ഫോമുകളും എഫ്2പൂള്‍, എംക്ലൗഡ്സ് പോലുള്ള മൈനിംഗ് പൂളുകളും ഡിസംബര്‍ 31ന് ചൈനീസ് മെയിന്‍ലാന്റ് മാര്‍ക്കറ്റില്‍ നിന്ന് ഒഴിയുകയാണ്.
ഇതാദ്യമായല്ല, ചൈനയില്‍ ക്രിപ്റ്റോകറന്‍സി പ്രവര്‍ത്തനം നിരോധിക്കുന്നത്. ഓരോ തവണ നിരോധനം പ്രഖ്യാപിക്കുമ്പോഴും മാര്‍ക്കറ്റില്‍ വലിയ നെഗറ്റീവ് പ്രത്യാഘാതം ഉണ്ടാവുകയും ചെയ്യുന്നു. ക്രിപ്റ്റോകറന്‍സി നിരോധിക്കുകയാണെന്ന് മെയ് 18ന് പ്രഖ്യാപിച്ചപ്പോള്‍ മാര്‍ക്കറ്റ് ഇടിഞ്ഞു. 63,000 ഡോളര്‍ വരെ എത്തിയിരുന്ന ബിറ്റ്‌കോയിന്‍ മൂല്യം പിന്നെ ഇടിഞ്ഞിടിഞ്ഞ് 30,000 ഡോളറിലേക്ക് ചുരുങ്ങി.
യൂറോപ്പിലും നിരോധനാവശ്യം
ക്രിപ്റ്റോകറന്‍സി ഇടപാട് നിരോധിക്കണമെന്ന് യൂറോപ്പിലും ആവശ്യങ്ങളുയരുന്നുണ്ട്. ക്രിപ്റ്റോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒന്നിച്ച് നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സ്വീഡിഷ് അധികൃതര്‍. മൈനിംഗിനായി വന്‍ തോതില്‍ വൈദ്യുതി വേണമെന്നതിനാല്‍, പാരിസ് കരാര്‍ പ്രകാരമുള്ള വൈദ്യുതി ഉപയോഗ നിയന്ത്രണം സാധ്യമാകുന്നില്ലെന്നതാണ് ഇത്തരത്തിലൊരു നീക്കത്തിന് സ്വീഡന്‍ സമ്മര്‍ദം ചെലുത്തുന്നത്. യൂറോപ്പില്‍ കൂടി നിരോധനം ഏര്‍പ്പെടുത്തിയാല്‍ ബിറ്റ്‌കോയിന്‍ മൂല്യം പിന്നെയും ഇടിയും.
ഒമിക്രോണും ബാധിക്കും
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ, റിസ്‌ക് ആണെന്ന് തോന്നുന്ന അസറ്റുകള്‍ ആളുകള്‍ വില്‍ക്കാന്‍ തുടങ്ങി. ആഗോള ഇക്കോണമിയെ തിരിച്ചുപിടിക്കാനുള്ള വേഗതയെ ഒമിക്രോണ്‍ മെല്ലെയാക്കുമെന്നും മാര്‍ക്കറ്റ് ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഐ.എം.എഫ് ഡയരക്ടര്‍ ജനറല്‍ ജ്യോര്‍ജീവ പറഞ്ഞു.
തകര്‍ച്ച തുടരും
മാര്‍ക്കറ്റിലെ തകര്‍ച്ച സംഭവിക്കുന്ന ട്രെന്റ് വരും മാസങ്ങളില്‍ കൂടി തുടരുമെന്ന് ബെക്സ്പ്ലസ് ചീഫ് അനലിസ്റ്റ് ജസ്റ്റിന്‍ ക്വോക്ക് പറഞ്ഞു. തകര്‍ച്ചയുടെ അനുപാതം നോക്കുകയാണെങ്കില്‍ ഡിസംബര്‍ അവസാനത്തില്‍ ബിറ്റ്‌കോയിന്‍ മൂല്യം 31,000 ഡോളറിലേക്ക് താഴുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തകര്‍ച്ചയില്‍ നിന്ന് എങ്ങനെ ലാഭമുണ്ടാക്കാം?
മുകളിലെ പ്രവചനപ്രകാരം തകര്‍ച്ചയെന്നത് വലിയ സാധ്യതയാണ്. നിക്ഷേപകര്‍ ലാഭം നോക്കുന്നവരാണല്ലോ. അവര്‍ക്ക് എന്തുചെയ്യാനാവുമെന്നതാണ് വരുംദിവസങ്ങളില്‍ പ്രധാനം. വാങ്ങിക്കൂട്ടുകയാണെങ്കിലും (ദീര്‍ഘകാല ലാഭം) വിറ്റഴിക്കുകയാണെങ്കിലും (ഹ്രസ്വകാല ലാഭം) മാര്‍ക്കറ്റ് ഉയര്‍ന്നാലും ഇല്ലെങ്കിലും ലാഭമുണ്ടാവും. അതായത്, ഉടനെയൊരു ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക് വിറ്റഴിക്കുന്നതാവും നല്ലത്. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപം വലിയ ലാഭത്തില്‍ എത്തിച്ചേക്കാമെന്നാണ് ബെക്സ്പ്ലസ് അനലിസ്റ്റുകള്‍ പറയുന്നത്.
Next Story
Videos