ഔദ്യോഗിക കറന്‍സി, ഇടപാടുകള്‍ക്ക് 30% നികുതി- ക്രിപ്‌റ്റോ ലോകത്ത് പ്രതീക്ഷയുടെ ഇത്തിരിവെട്ടം, പക്ഷേ...

2022-23 ബജറ്റിനെ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചൊരു വിഭാഗം ക്രിപ്‌റ്റോകറന്‍സി ഇടപാടുകാരായിരിക്കും. രാജ്യത്തെ 10 കോടിയില്‍ പരം പേര്‍ ഇടപെടുന്ന ഈ മേഖലയില്‍ ഇന്നും പക്ഷേ, അനിശ്ചിതത്വത്തിന്റെ പുകച്ചില്‍ മാറിയില്ല. പല മാനങ്ങളുണ്ട് ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തില്‍. സര്‍ക്കാരിന് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് പ്രഖ്യാപനമെന്ന് പറയുന്നു ഈ രംഗത്തെ വിദഗ്ധര്‍.

നികുതി ഈടാക്കുകയെന്നാല്‍ നിയമപരം എന്നാണോ?
ക്രിപ്‌റ്റോകറന്‍സി, എന്‍എഫ്ടി ഇടപാടുകള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റിലൂടെ നല്‍കുന്ന സമ്മാനങ്ങള്‍ക്ക്, ലഭിക്കുന്നയാള്‍ നികുതി അടക്കണം. എന്നാല്‍ ഇടപാടില്‍ വരുന്ന നഷ്ടത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല. നികുതി ഏര്‍പ്പെടുത്തി എന്നതിന്റെ അര്‍ത്ഥം, ക്രിപ്‌റ്റോ ഇടപാടിന് നിയമസാധുത ലഭിച്ചു എന്നായി കാണുകയാണ് പല ക്രിപ്‌റ്റോ കറന്‍സി ഇടപാടുകാരും. അപ്പോഴും, ഭീമമായ തുക നികുതിയായി ഈടാക്കിയതില്‍ പ്രതിഷേധത്തിലാണ് ഇടപാടുകാര്‍. ഗ്യാസ് ഫീ പോലെ, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ ട്രാന്‍സ്ഫറുകള്‍ക്ക് 1% ടിഡിഎസും ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്തു തന്നെയായാലും ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിയമസാധുത ലഭിക്കാന്‍ പോകുന്നുവെന്ന വലിയ പ്രതീക്ഷയാണ് ഇടപാടുകള്‍ പങ്കുവെക്കുന്നത്. ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിറക്‌സിന്റെ സിഇഒയും സ്ഥാപകനുമായ നിശ്ചല്‍ ഷെട്ടി പറയുന്നത് നോക്കുക: 'ക്രിപ്‌റ്റോയ്ക്ക് മേലുള്ള നികുതി ഈടാക്കുന്ന കാര്യത്തില്‍ കൃത്യത വന്നുവെന്നതാണ് ഇന്നത്തെ സുപ്രധാന കാര്യം. രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി ഇക്കോസിസ്റ്റത്തിന് അംഗീകാരം ലഭിക്കാനുള്ള സാധ്യതയായി ഇതിനെ കാണുന്നു. ബാങ്കുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ നീക്കാന്‍ ഇതു കാരണമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി മേഖലയ്ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുമാവും. മൊത്തത്തില്‍, ഇത് ഞങ്ങള്‍ക്ക് നല്ല വാര്‍ത്തയാണ്'.
'ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റിനെ അംഗീകരിക്കുന്നതിന്റെ ആദ്യ പടിയാണിത്. ആഗോളതലത്തിലെ ഇടപാടുകാരുമായി ഇന്ത്യന്‍ കഴിവുകളെ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന നികുതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൗണ്ടര്‍ പ്രൊഡക്ടീവ് ആയിരിക്കും. എങ്കിലും ഇത് അസംഘടിത വ്യാപാരത്തെയും ഇടപാടിനെയും ഉള്‍ക്കൊള്ളാനുള്ള താല്‍ക്കാലിക അളവായാണ് കാണുന്നത്'- ഈസിഫൈ നെറ്റ് വര്‍ക്ക് സഹസ്ഥാപകന്‍ അന്‍ഷുല്‍ ധിര്‍ പറയുന്നു.
ഔദ്യോഗിക കറന്‍സിയും പ്രതീക്ഷയും
ആര്‍ബിഐ തന്നെ ഡിജിറ്റല്‍ രൂപ എന്ന പേരില്‍ ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത കറന്‍സി ഇറക്കുമെന്ന് കൂടി ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. സുസ്ഥിരമായ, സുരക്ഷിതമായ കോയിനായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രഖ്യാപനവും ക്രിപ്‌റ്റോ ഇടപാടുകാരെ സംബന്ധിച്ച് സന്തോഷിപ്പിക്കുന്ന കാര്യമാണ്. ക്രിപ്‌റ്റോ ഇടപാട് നിരോധിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ നല്‍കുന്നതെന്ന് ക്രിപ്‌റ്റോ ഇടപാടുകാര്‍ പറയുന്നു. കോയിനുകള്‍ വിറ്റൊഴിയേണ്ടെന്നും കൈയ്യില്‍ വെച്ചോളൂവെന്നുമുള്ള ക്യാംപയിനും ഇടപാടുകാര്‍ക്കിടയില്‍ തുടങ്ങിക്കഴിഞ്ഞു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it