ധര്‍മജ് ക്രോപ്പ് ഗാര്‍ഡ് ഐപിഒ ഇന്നുമുതല്‍, അറിയേണ്ടതെല്ലാം

അഗ്രോകെമിക്കല്‍ കമ്പനിയായ ധര്‍മജ് ക്രോപ്പ് ഗാര്‍ഡിന്റെ (Dharmaj Crop Guard) പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഇന്നുമുതല്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഒ നവംബര്‍ 30ന് അവസാനിക്കും. 216-237 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 14.83 ലക്ഷം ഓഹരികളും 216 കോടി രൂപയുടെ പുതിയ ഓഹരികളുമാണ് കമ്പനി വില്‍ക്കുന്നത്.

ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 251.15 കോടി രൂപവരെ ധര്‍മജ് ക്രോപ്പ് ഗാര്‍ഡിന് സമാഹരിക്കാനാവും. 55,000 ഓഹരികള്‍ 10 രൂപ കിഴിവോടെ ജീവനക്കാര്‍ക്കായി കമ്പനി നീക്കിവെച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 60 ഓഹരികള്‍ക്കോ അവയുടെ ഗുണിതങ്ങള്‍ക്കോ ബിഡ് ചെയ്യാവുന്നതാണ്. ഐപിഒയിലെ 35 ശതമാനം ഓഹരികളാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ഡിസംബര്‍ 8ന് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

ലാറ്റിന്‍ അമേരിക്ക, ഈസ്റ്റ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളിലേക്ക് ഉള്‍പ്പടെ ഇരുപത്തഞ്ചിലധികം രാജ്യങ്ങളിലേക്ക് ധര്‍മജ് ക്രോപ്പ് ഗാര്‍ഡ് അഗ്രോ-കെമിക്കല്‍ ഫോര്‍മുലേഷന്‍സ് കയറ്റി അയക്കുന്നുണ്ട്. 269 അഗ്രോകെമിക്കല്‍ ഫോര്‍മുലേഷന്‍സ് ആണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. കയറ്റുമതിക്ക് മാത്രമായി 195 അഗ്രോകെമിക്കല്‍ ഫോര്‍മുലേഷന്‍സിന്റെ രജിസ്‌ട്രേഷനും ധര്‍മജ് ക്രോപ്പ് ഗാര്‍ഡിനുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 4,362 ഡീലര്‍മാരാണ് കമ്പനിക്കുള്ളത്.

2021-22 സാമ്പത്തിക വര്‍ഷം 37 ശതമാനം വളര്‍ച്ചയോടെ 28.69 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസം 220.9 കോടിയുടെ വരുമാനവും 18.4 കോടിയുടെ ലാഭമാണ് ധര്‍മജ് ക്രോപ്പ് ഗാര്‍ഡ് രേഖപ്പെടുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it