പുതുവര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ പുതിയ തീമുകള്‍ കണ്ടെത്താം!

പുതിയ വര്‍ഷത്തില്‍ ഏത് മേഖലയിലാണ് നിക്ഷേപം നടത്തേണ്ടത്; നിക്ഷേപകര്‍ നോക്കേണ്ട കാര്യമെന്താണ്?
പുതുവര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ പുതിയ തീമുകള്‍ കണ്ടെത്താം!
Published on

കഴിഞ്ഞ ഏതാനും കോളങ്ങളില്‍ വിപണിയുടെ പൊതുപ്രവണതയില്‍ ഞാന്‍ സന്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നത് ധനത്തിന്റെ സ്ഥിരം വായനക്കാര്‍ ശ്രദ്ധിച്ചുകാണും. നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിക്ഷേപത്തിന്റെ കാര്യത്തില്‍ മൂല്യം അടിസ്ഥാനമാക്കി, സ്റ്റോക്കുകളെ സവിശേഷമായി വിശകലനം ചെയ്തുകൊണ്ടുള്ള സമീപനമാണ് വേണ്ടതെന്നും ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐ പി ഒകള്‍ക്ക് പിന്നാലെയുള്ള പരക്കം പാച്ചിലുകളും മറ്റ് വിപണി ഘടകങ്ങളും നിരീക്ഷിച്ചപ്പോള്‍ എനിക്ക് വ്യക്തമായ കാര്യം, വിപണിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ മാത്രം കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് ആര്‍ക്കും തുടരാനാകില്ലെന്നതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ ഇപ്പോള്‍ വലിയ വില്‍പ്പനക്കാരാണ്.

ബിസിനസ് മാധ്യമങ്ങളും വിദഗ്ധരും വിപണിയുടെ തിരുത്തലിനു പല കാരണങ്ങള്‍ നിരത്തുന്നുണ്ട്. കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷ, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സൃഷ്ടിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം അതില്‍ പെടും. ശരിയാണ്, കുതിച്ചുയരുന്ന വിലക്കയറ്റത്തെ ഒഴിവാക്കി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ക്ക് ഇതുവരെ ചെയ്ത പോലെ പണം വിപണിയിലേക്ക് നിര്‍ബാധം ഒഴുക്കുന്നതും പലിശ നിരക്കുകള്‍ പരമാവധി താഴ്ത്തി നിര്‍ത്തുന്നതും തുടരാനാവില്ല. പക്ഷേ, ഇത് വിപണിയില്‍ എല്ലാവര്ക്കും അറിവുള്ള കാര്യമാണ്; ഓഹരി വിപണിയില്‍ അത് ഏറെക്കുറെ പ്രതിഫലിച്ചുകഴിഞ്ഞിട്ടുമുണ്ട്.

ഒമിക്രോണ്‍, അതിന്റെ പ്രാരംഭ സൂചനകള്‍ കണക്കിലെടുത്താല്‍, എന്റെ കണക്കുകൂട്ടലില്‍ കോവിഡിന്റെ അപകടകാരിയല്ലാത്ത ഒരു വകഭേദമാണ്. കര്‍ശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും ആശങ്കകളുമെല്ലാം ഒരു ഫലവും ചെയ്യില്ല. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത് അതിവേഗം പടരാന്‍ സാധ്യതയുള്ളതാണ്, പക്ഷേ വലിയതോതില്‍ ദോഷകാരിയല്ല. അതുകൊണ്ട് സമാധാനിക്കൂ, നമുക്ക് കാത്തിരുന്ന് കാണാം. ഒരു പക്ഷെ മഹാമാരി എന്ന തലത്തില്‍ നിന്ന് കോവിഡ് തീവ്രത കുറഞ്ഞ പകര്‍ച്ചവ്യാധി എന്ന രീതിയിലേക്ക് മാറുന്നതിന്റെ തുടക്കം ആകാം ഇത്.

ഓഹരി വിപണിയില്‍ ഇത്രയും നാള്‍ നീണ്ട ബുള്‍ റണ്ണിന് ശേഷം 5-10 ശതമാനം തിരുത്തല്‍ ഒക്കെ സ്വാഭാവികമാണ്. നിങ്ങള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് ശരിയായ സ്റ്റോക്കുകളാണെങ്കില്‍ ഇതില്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. അതുപോലെ തന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇത്രയും കൂടിയ തോതിലുള്ള വില്‍പ്പനയിലും ആശങ്ക വേണ്ട. ഇത്തരത്തിലുള്ള വലിയ പണം പിന്‍വലിക്കലുകളെ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും പക്വത പ്രാപിച്ചുകഴിഞ്ഞു.

ഇക്വിറ്റിയിലേക്കുള്ള മൊത്തം പണപ്രവാഹത്തിന്റെ ഒരു ഭാഗം മാത്രമായ എസ് ഐ പി വഴിയുള്ള ഫണ്ട് പ്രവാഹം നവംബറില്‍ ഇതാദ്യമായി 11,000 കോടി രൂപ കവിഞ്ഞു. 2016ല്‍ ഇത് പ്രതിമാസം ശരാശരി 3000 കോടി രൂപയെന്ന കണക്കിലായിരുന്നു എന്നോര്‍ക്കണം. എസ് ഐ പി വഴി മാര്‍ക്കറ്റിലേക്ക് വരുന്ന ഫണ്ടിന്റെ ഒഴുക്ക് സുസ്ഥിരമായി കൂടി വരികയാണ്. ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപകരുടെ ശക്തിയില്‍ ഞാനെന്നും വളരെ ശുഭാപ്തി വിശ്വാസിയാണ്. ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് ഇക്വിറ്റിയിലേക്കുള്ള നിക്ഷേപം ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കും. അത് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഇപ്പോള്‍ ഉല്‍പ്പാദനപരമല്ലാത്ത സ്വര്‍ണം ഭൂമി തുടങ്ങിയ ഫിസ്‌കല്‍ ആസ്തികളിലും നിഷ്‌ക്രിയമായ ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും ഉള്ള ആയിരക്കണക്കിന് കോടി പണം ഇക്വിറ്റിയിലേക്ക് ഒഴുകുക തന്നെ ചെയ്യും.

മുന്‍കൂര്‍ നികുതി സമാഹരണം വെളിപ്പെടുത്തുന്നത്

മുന്‍കൂര്‍ നികുതി സമാഹരണം 53.50 ശതമാനം ഉയര്‍ന്ന് 4.60 ലക്ഷം കോടി രൂപയിലെത്തി. അറ്റ പ്രത്യക്ഷ നികുതി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 61 ശതമാനത്തോളം വര്‍ധിച്ച് 9,45,000 കോടിയിലുമെത്തി. ഇത് സമ്പദ് വ്യവസ്ഥയിലെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രതീക്ഷിച്ചിരിക്കുന്ന പ്രത്യക്ഷ, പരോക്ഷ നികുതി സമാഹരണലക്ഷ്യം കവിയാന്‍ സാധ്യതയുണ്ടെന്നാണ് പല വിദഗ്ധരും വിശ്വസിക്കുന്നത്. എല്ലാ മാക്രോ സൂചകങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കാര്യം, നാം ഉയര്‍ന്ന ജിഡിപി വളര്‍ച്ചയിലേക്കുള്ള ശരിയായ പാതയിലാണെന്നതാണ്. ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിക്ക് ക്ഷതം സംഭവിച്ചിട്ടില്ല; ആഗോള സാമ്പത്തികശക്തിയെന്ന നമ്മുടെ പുരാതനപദവി വീണ്ടെടുക്കുക തന്നെ ചെയ്യും.

പരമ്പരാഗത ബിസിനസുകള്‍ ഡിസ്റപ്ഷന് വിധേയമാകുന്ന സാഹചര്യത്തില്‍ പുതിയ തീമുകള്‍ കണ്ടെത്താനുള്ള ശരിയായ സമയമാണിത്. എന്തിന്, ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമെല്ലാം തന്നെ അതിവേഗം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. മെറ്റാവേഴ്സ് പോലുള്ള ആശയങ്ങള്‍ - ഫിസിക്കലും ഡിജിറ്റലുമായ ലോകത്തിന്റെ സമന്വയം സംഭവിക്കുന്ന ഇതില്‍ ഡിജിറ്റല്‍ രൂപവും ഫിസിക്കല്‍ രൂപവും തമ്മില്‍ യാതൊരു വിഭിന്നതയുമുണ്ടാകില്ല - ഗ്ലോബല്‍ വിപണിയില്‍ പ്രധാന സ്വാധീനഘടകങ്ങളായി കഴിഞ്ഞു. ഇനി പുതുതായി ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന മേഖലയിലുള്ളവയെ തെരഞ്ഞെടുക്കേണ്ട സമയമാണിത്. ഡിസ്റപ്റ്റീവ് ടെക്നോളജി മേഖലയാണ് അന്വേഷണവിധേയമാക്കേണ്ട ഒന്ന്.

ഡിഫന്‍സ്, എയ്റോസ്പേസ് മാനുഫാക്ചറിംഗ് എന്നീ മേഖലകളാണ് നിക്ഷേപകര്‍ താല്‍പ്പര്യത്തോടെ നോക്കേണ്ട ഇതര രംഗങ്ങള്‍. ഇന്ത്യയെ ഡിഫന്‍സ് മാനുഫാക്ടചറിംഗ് ഹബ്ബാക്കി മാറ്റാന്‍ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ രംഗത്തും ലിസ്റ്റഡും അണ്‍ലിസ്റ്റഡുമായ കമ്പനികള്‍ വലിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ വലിയ സാധ്യതയാണ് ഞാന്‍ കാണുന്നത്.

എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍!

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com