കണ്ണടച്ച് ഐപിഒയില്‍ നിക്ഷേപിക്കല്ലേ, ഇക്കാര്യം ശ്രദ്ധിക്കണം

ഒരു കമ്പനി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുമ്പോള്‍ തന്നെ പണം നിക്ഷേപിച്ച് നേട്ടം കൊയ്യാന്‍ സാധിക്കുന്ന അവസരമാണ് ഐപിഒ അഥവാ പ്രാഥമിക ഓഹരി വില്‍പ്പന. പ്രൈസ് ബാന്‍ഡിനേക്കാള്‍ പ്രീമിയത്തില്‍ ഓഹരി വിപണിയില്‍ കമ്പനികള്‍ ലിസ്റ്റ് ചെയ്താല്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്കും സാധിച്ചേക്കും. അതുപോലെ തന്നെ ഐപിഒ നിക്ഷേപത്തില്‍ നഷ്ടവുമുണ്ടാകാറുണ്ട്. ഈ നഷ്ടം ഒഴിവാക്കാന്‍ നിക്ഷേപകര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

1. തിരക്ക് കൂട്ടാതിരിക്കുക, ശരിയായി പഠിക്കുക
ഒരു കമ്പനിയുടെ ഐപിഒ വിജയകരമാകുമോ എന്നറിയാന്‍ മികച്ച രീതിയില്‍ പഠിക്കുകയും ആഴത്തിലുള്ള ഗവേഷണം നടത്തുകയും ചെയ്യേണ്ടതുണ്ട്. കമ്പനിയുടെ മുന്‍കാല പ്രകടനങ്ങള്‍, സാമ്പത്തിക സ്ഥിതി, വ്യവസായ വിശകലനം തുടങ്ങിയവ കൃത്യമായി അറിഞ്ഞിരിക്കണം. എന്നാല്‍ ഗവേഷണം ഇവയില്‍ മാത്രം പരിമിതപ്പെടുത്തുകയും ചെയ്യരുത്. നിക്ഷേപകര്‍ കമ്പനിയുടെ ഭാവിയിലേക്കും അതിന്റെ വളര്‍ച്ചാപതയിലേക്കും നോക്കണം.
2. ബിസിനസ് മോഡല്‍ അറിയാതെ നിക്ഷേപം നടത്തരുത്
കമ്പനിയുടെ ബിസിനസ് മോഡല്‍ അറിയാതെ ഐപിഒയില്‍ നിക്ഷേപിക്കരുത്. ഒരു സംരംഭത്തിന് മുന്നോട്ടുപോകണമെങ്കില്‍ ശക്തമായ ഒരു ബിസിനസ് മോഡല്‍ ആവശ്യമാണ്. ഉല്‍പ്പന്നങ്ങള്‍ (സേവനങ്ങള്‍), ടാര്‍ഗെറ്റ് ഉപഭോക്താക്കള്‍, ഭാവി സാധ്യത എന്നിവയാണ് ഒരു ബിസിനസ് മോഡലില്‍ ഉള്‍ക്കൊള്ളുന്നത്. ബിസിനസ് മോഡലിനെക്കുറിച്ച് അറിവുണ്ടെങ്കില്‍ ഭാവിയില്‍ ലാഭമുണ്ടാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് വിലയിരുത്താന്‍ നിക്ഷേപകനെ സഹായിക്കും.
3. ഐപിഒയുടെ മൂല്യനിര്‍ണയം അറിഞ്ഞിരിക്കണം
നിക്ഷേപക്കുന്നതിന് മുമ്പ് ഐപിഒയിലെ കമ്പനിയുടെ മൂല്യനിര്‍ണയത്തെ കുറിച്ച് കൃത്യമായി അറഞ്ഞിരിക്കണം. ഐപിഒയുടെ മൂല്യനിര്‍ണയം കൂടുന്തോറും ഡിമാന്‍ഡ് വര്‍ധിക്കും. അതേസമയം, ഐപിഒയുടെ മൂല്യനിര്‍ണയം മാത്രം മാനദണ്ഡമാകില്ലെന്ന് റീട്ടെയില്‍ നിക്ഷേപകര്‍ ഓര്‍മിക്കേണ്ടതുണ്ട്. തുടക്കത്തില്‍ ഉയര്‍ന്ന മൂല്യനിര്‍ണയം ഉണ്ടായിരുന്നിട്ടും പിന്നീട് ഇടിഞ്ഞ സംഭവങ്ങള്‍ക്ക് ഓഹരി വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
4. തകര്‍ച്ചയില്‍ നിക്ഷേപങ്ങള്‍ നടത്തരുത്
ഓഹരി വിപണി ഇടിവിലേക്ക് വീഴുമ്പോള്‍ ഐപിഒയില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണം.
5. ലിസ്റ്റിംഗ് ദിവസം തന്നെ ഓഹരികള്‍ വില്‍ക്കരുത്
പൊതുവേ, ഐപിഒയുടെ ലിസ്റ്റിംഗ് ദിവസം വിറ്റ് നേട്ടം കൊയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും, ലിസ്റ്റിംഗ് ദിവസത്തെ തിരക്ക് കാരണം, വിലകള്‍ തിരുത്തലിലേക്ക് പോയേക്കാം. അതിനാല്‍, ലിസ്റ്റിംഗ് ദിവസം തന്നെ വില്‍ക്കുന്നതിന് പകരം ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുന്നത് നന്നായിരിക്കും.


Related Articles
Next Story
Videos
Share it