ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ചെയ്യരുതേ, ഈ നാല് സാമ്പത്തിക അബദ്ധങ്ങള്‍

വരുന്ന വാര്‍ത്തകളോട് അമിതമായി പ്രതികരിക്കാനുള്ള പ്രവണത പൊതുവേ നമുക്കുണ്ട്. പ്രത്യേകിച്ച് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക്. എന്തെങ്കിലും പ്രശ്‌നമുണ്ടായി ഓഹരിവില താഴുമ്പോള്‍ ഭയപ്പാടോടെ പോയി ഓഹരികളെല്ലാം വിറ്റഴിക്കുന്ന ഒരു കൂട്ടര്‍. മറ്റൊരു കൂട്ടരാകട്ടെ വില കുറയുമ്പോള്‍ പിന്നൊന്നും നോക്കാതെ ഓഹരികള്‍ വാങ്ങിച്ചുകൂട്ടുന്നു. ഇത്തരത്തില്‍ എത്രയോ അബദ്ധങ്ങള്‍. ഇതിനൊരു പ്രധാന കാരണം വാര്‍ത്തകള്‍ കണ്ടിട്ടുള്ള എടുത്തുചാട്ടമാണ്. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ വരുത്തിയാല്‍ അത് കടക്കെണിയിലായിരിക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഓര്‍ക്കുക, ഏറെ കരുതലോടെ നീങ്ങേണ്ട ഘട്ടമാണിത്.
ഈ സമയത്ത് ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
1. ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നു
പണത്തിന് ആവശ്യമുള്ള സമയം തന്നെയായിരിക്കാം ഇത്. എന്നാല്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ ഇപ്പോള്‍ വിറ്റാല്‍ വലിയ സാമ്പത്തികനഷ്ടമാണ് നിങ്ങള്‍ക്കുണ്ടാകുന്നത്. ഉദാഹരണത്തിന് മള്‍ട്ടി ക്യാപ്പ് ഫണ്ടുകള്‍ തന്നെയെടുക്കാം. ഇത് കഴിഞ്ഞ മാസം ശരാശരി 27 ശതമാനത്തോളം ഇടിഞ്ഞിരിക്കുകയാണ്.
ഓഹരികളില്‍ നിന്നുള്ള പണം മറ്റ് നിക്ഷേപപദ്ധതികളിലേക്ക് മാറ്റുന്നതും ഏറെ ചിന്തിച്ച് ചെയ്യേണ്ട കാര്യമാണ്. ഉദാഹരണത്തിന് ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ ഉള്ള പണം അത് വിറ്റിട്ട് സ്ഥിരനിക്ഷേപത്തിലിടുകയാണെന്ന് കരുതുക. ഇപ്പോള്‍ പലിശ കുറവുള്ള സമയമായതിനാല്‍ നിങ്ങള്‍ക്ക് ഓഹരിയില്‍ സംഭവിച്ച നഷ്ടം സ്ഥിരനിക്ഷേപത്തിലൂടെ അടുത്തകാലത്തെങ്ങും നികത്താനായെന്ന് വരില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഹൃസ്വകാലം കൊണ്ട് പണം ആവശ്യമാണെങ്കില്‍ ഓഹരികളില്‍ നിന്ന് നിശ്ചിത വരുമാനം കിട്ടുന്ന നിക്ഷേപപദ്ധതികളിലേക്ക് മാറ്റുന്നത് കൂടുതല്‍ നഷ്ടം ഒഴിവാക്കാനായേക്കാം. എങ്കിലും നഷ്ടം ഉറപ്പാണ്. സാധ്യമെങ്കില്‍ മ്യൂച്വല്‍ ഫണ്ട് അടക്കമുള്ള നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഒരുകാരണവശാലും പിന്‍വലിക്കാതിരിക്കുക.
2. ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത വേണ്ട
ഓഹരിവിപണി ഇടിയുമ്പോള്‍ ഒന്നും നോക്കാതെ വാങ്ങിക്കൂട്ടുന്ന പ്രവണത ചിലര്‍ കാണിക്കാറുണ്ട്. ഇത് ഓഹരി വാങ്ങാന്‍ നല്ല സമയം തന്നെയായിരിക്കാം. എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം ഓഹരികള്‍ വാങ്ങാന്‍. മാത്രമല്ല വിപണി ഇനിയും ഇടിയാനുള്ള സാധ്യതകള്‍ പരിഗണിക്കണം. കാരണം കോവിഡ് 19 ആഗോള സാമ്പത്തികവ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്ന ആഘാതം ഇനിയും കൃത്യമായി നിര്‍വചിക്കാന്‍ പോലുമായിട്ടില്ല. വിപണി തിരിച്ച് കയറുന്നതിന് ചിലപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ സമയമെടുത്തെന്നും വരാം.
നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള കഴിവ് പരിഗണിച്ചുവേണം ഇപ്പോള്‍ നിക്ഷേപിക്കാന്‍. സമീപകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള പണം ഇപ്പോള്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലിട്ടാല്‍ വിപണി തിരിച്ചുകയറുന്നതിന് സമയമെടുത്താല്‍ എന്തു ചെയ്യും? എന്തൊക്കെയാണ് എന്റെ സാമ്പത്തിക ലക്ഷ്യങ്ങളും ആവശ്യങ്ങളും, പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ എന്തൊക്കെയാണ്? എനിക്ക് എത്രമാത്രം റിസ്‌ക് എടുക്കാനാകും? എത്ര തുക ഓഹരിയിലും എത്ര കടപ്പത്രങ്ങളിലും നിക്ഷേപിക്കണം... തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പ്ലാന്‍ ഉണ്ടാക്കിയശേഷം മാത്രം നിക്ഷേപിക്കുക.
3. വായ്പാ മോറട്ടോറിയത്തിന് അപേക്ഷിക്കുന്നത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പയെടുത്തവര്‍ക്ക് മാസഅടവിന് മൂന്ന് മാസം മോറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസരം തരുന്നു. എന്നാല്‍ നിങ്ങളുടെ ജോലിയെ അല്ലെങ്കില്‍ ബിസിനസിനെ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല, നിങ്ങള്‍ക്ക് വരുമാനം കൃത്യമായി കിട്ടുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മോറട്ടോറിയത്തിന് അപേക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. മോറട്ടോറിയം തെരഞ്ഞെടുക്കുന്നതിന് അതിന്റേതായ നഷ്ടങ്ങളുമുണ്ടെന്ന് ഓര്‍ക്കുക.
4. റിട്ടയര്‍മെന്റ് ഫണ്ടില്‍ കൈവെക്കുന്നത്
നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഒരിക്കലും പ്രൊവിഡന്റ് ഫണ്ട് പോലുള്ള റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപങ്ങളില്‍ കൈവെക്കരുത്. മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹം, വീട് വാങ്ങുന്നത്, വിദ്യാഭ്യാസം, ഭവനവായ്പ അടച്ചുതീര്‍ക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ നിങ്ങളിപ്പോള്‍ ആ പണം ഭാഗികമായി പിന്‍വലിച്ചാല്‍ പോലും കൂട്ടുപലിശയിനത്തില്‍ നഷ്ടമുണ്ടാകുന്നതുകൊണ്ട് വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് കിട്ടുന്ന പണത്തില്‍ വലിയ കുറവുണ്ടാകും. മറ്റൊരാളെ സാമ്പത്തികമായി ആശ്രയിച്ച് വാര്‍ദ്ധക്യത്തില്‍ ജീവിക്കേണ്ട അവസ്ഥയുണ്ടാകാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline