ഡ്രീംഫോക്സ് ഐപിഒയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം; സബ്‌സ്‌ക്രിപ്ഷന്‍ വെള്ളിയാഴ്ച അവസാനിക്കും

എയർ യര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഓയ്ക്ക് (Dreamfolks IPO) മികച്ച പ്രതികരണം. ഇന്ന് (ഓഗസ്റ്റ് 24) ആരംഭിച്ച ത്രിദിന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗില്‍ (IPO Date) ആദ്യ മണിക്കൂറുകളില്‍ തന്നെ റീറ്റെയ്ല്‍ വിഭാഗം ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തു.

ഓഗസ്റ്റ് 24 ന് വൈകിട്ട് 3.25 pm വരെ ഓഹരികള്‍ 1.45 മടങ്ങ് അധികമായി സബ്‌സ്‌ക്രൈബ് ചെയ്തതായാണ് ബിഎസ്ഇ രേഖകള്‍ കാണിക്കുന്നത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ (Retail Investors) വിഭാഗത്തില്‍ 6.57 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ എത്തി. എന്‍ഐഐ ബിഡ് (NII) 0.66 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായി നടക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പന ഓഗസ്റ്റ് 26 ന് അവസാനിക്കും.

ഐപിഓയ്ക്ക് മുന്നോടിയായി കമ്പനി ആങ്കര്‍ നിക്ഷേപകരുടെ പക്കല്‍ നിന്നും കമ്പനി 253 കോടി രൂപ ഫണ്ട് സമാഹരിച്ചിരുന്നു. ഓഹരി ഒന്നിന് 326 രൂപ വീതം 7.76 കോടി ഓഹരികള്‍ ആണ് കമ്പനി ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ചിരുന്നത്. ഐപിഒയുടെ 75 ശതമാനം വരെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. ബാക്കിയുള്ള 10 ശതമാനം ഓഹരികള്‍ ആണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്.

ഓഹരി ഒന്നിന് 308-326 രൂപയാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ള പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് 13 ലോട്ടുകള്‍ക്കായി വരെ അപേക്ഷിക്കാം. കുറഞ്ഞത് 46 ഇക്വിറ്റി ഷെയറുകളിലേക്കാണ് ഒരു ലോട്ട്. ഓരോ ലോട്ടും 14,996 രൂപയ്‌ക്കോ 1,94,948 ലക്ഷം രൂപയുടെ 13 ലോട്ടുകള്‍ വരെ സബ്‌സ്‌ക്രൈബ് ചെയ്യാം.

സെപ്റ്റംബര്‍ ആറിന് ഓഹരികള്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്വിയറസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് എന്നിവയാണ് ഐപിഒയുടെ മാനേജര്‍മാര്‍.

മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ആക്സസ് സേവനങ്ങള്‍ നല്‍കിക്കൊണ്ട് 2013-ല്‍ ആണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ വിസ, ഡൈനേഴ്സ്/ഡിസ്‌കവര്‍, റുപേ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കാര്‍ഡ് വിതരണക്കാര്‍ക്കും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it