രാജ്യത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സേവന ദാതാക്കള്‍ ഓഹരി വിപണിയിലേക്ക്, ഐപിഒ ഓഗസ്റ്റ് 24 മുതല്‍

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോം ഡ്രീംഫോക്‌സ് സര്‍വീസസ് (dreamfolks services ipo) ഓഹരി വിപണിയിലേക്ക്. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ആണ് ഡ്രീംഫോക്‌സിന്റ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ). ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 23 മുതല്‍ ബിഡ് ചെയ്യാം. 1000-1200 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ നടക്കുന്ന ഐപിഒയില്‍ 1.72 കോടി ഓഹരികളാണ് ഡ്രീംഫോക്‌സ് വില്‍ക്കുന്നത്. സെപ്റ്റംബര്‍ ആറിന് ഓഹരികള്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ആക്സസ് സേവനങ്ങള്‍ നല്‍കിക്കൊണ്ട് 2013-ല്‍ ആണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

നിലവില്‍ വിസ, ഡൈനേഴ്സ്/ഡിസ്‌കവര്‍, റുപേ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കാര്‍ഡ് വിതരണക്കാര്‍ക്കും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

എന്‍ഡ്-ടു-എന്‍ഡ് ടെക്നോളജി സൊല്യൂഷന്‍ പ്രൊവൈഡറായി വളര്‍ന്ന കമ്പനി 2021-22 കാലയളവില്‍ 283.99 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. 16.25 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. അമേരിക്കയിലെ അരിസോണ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍, സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ എന്നീ എയര്‍പോര്‍ട്ടുകളിലും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എയര്‍പോര്‍ട്ടിലേതിന് സമാനമായ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വെയുടെ കോണ്‍ട്രാക്ടും ഡ്രീംഫോക്‌സ് നേടിയിട്ടുണ്ട്. 2030 ഓടെ രാജ്യത്തെ എയര്‍പോര്‍ട്ട് സേവനരംഗത്ത് 5,385 കോടി രൂപയുടെ വിപണിയാണ് പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it