ഡ്രീംഫോക്സ് സര്‍വീസസ് ഐപിഒ 24ന് തുറക്കും, പ്രൈസ് ബാന്‍ഡും മറ്റ് വിവരങ്ങളും

ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസിന്റെ (Dreamfolks Services) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് 24ന് തുടക്കമാകും. 26 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 308-326 രൂപയാണ് ഒരു ഓഹരിക്ക് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് നാളെ വരെ ബിഡ് ചെയ്യാനുള്ള അവസരവും ഉണ്ട്. നിക്ഷേപകര്‍ക്ക് 46 ഓഹരികള്‍ ഉള്ള ഒരു ലോട്ടിനോ അതിന്റെ ഗുണിതങ്ങള്‍ക്കോ ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. ഐപിഒയുടെ 75 ശതമാനം വരെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍മാര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. ബാക്കിയുള്ള 10 ശതമാനം ഓഹരികള്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് നല്‍കും.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായി നടക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1000-1200 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 2 രൂപ മുഖവിലയുള്ള 1.72 കോടി ഓഹരികള്‍ ഐപിഒയിലൂടെ കൈമാറും. സെപ്റ്റംബര്‍ ആറിന് ഓഹരികള്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്വിയറസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് എന്നിവയാണ് ഐപിഒയുടെ മാനേജര്‍മാര്‍.
മാസ്റ്റര്‍കാര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ആക്‌സസ് സേവനങ്ങള്‍ നല്‍കിക്കൊണ്ട് 2013-ല്‍ ആണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ വിസ, ഡൈനേഴ്‌സ്/ഡിസ്‌കവര്‍, റുപേ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കാര്‍ഡ് വിതരണക്കാര്‍ക്കും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
എന്‍ഡ്-ടു-എന്‍ഡ് ടെക്‌നോളജി സൊല്യൂഷന്‍ പ്രൊവൈഡറായി വളര്‍ന്ന കമ്പനി 2021-22 കാലയളവില്‍ 283.99 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. 16.25 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. അമേരിക്കയിലെ അരിസോണ ഫീനിക്സ് സ്‌കൈ ഹാര്‍ബര്‍, സ്‌കോട്ട്ലന്‍ഡിലെ അബര്‍ഡീന്‍ എന്നീ എയര്‍പോര്‍ട്ടുകളിലും ഇവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എയര്‍പോര്‍ട്ടിലേതിന് സമാനമായ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വെയുടെ കോണ്‍ട്രാക്ടും ഡ്രീംഫോക്സ് നേടിയിട്ടുണ്ട്. 2030 ഓടെ രാജ്യത്തെ എയര്‍പോര്‍ട്ട് സേവനരംഗത്ത് 5,385 കോടി രൂപയുടെ വിപണിയാണ് പ്രതീക്ഷിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it