വില ഇടിഞ്ഞപ്പോള്‍ ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടി എല്‍ സാല്‍വദോര്‍

ബിറ്റ്‌കോയിനെ നിയമപരമായി അംഗീകരിച്ച ( legal tender) ലോകത്തിലെ ഏക രാജ്യമാണ് എല്‍ സല്‍വദോര്‍. സ്വന്തമായി ബിറ്റ്‌കോയിന്‍ റിസര്‍വും ഈ മധ്യ അമേരിക്കന്‍ രാജ്യത്തിനുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ് കോയിന്റെ മൂല്യം കുത്തന ഇടിഞ്ഞപ്പോള്‍ തങ്ങളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനുള്ള അവസരമായാണ് എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ ഇതിനെ കണ്ടത്. 410 ബിറ്റ് കോയിനുകളാണ് രാജ്യം വാങ്ങിയത്. 110 കോടിയിലധികം രൂപയാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത്.

വീണ്ടും ബിറ്റ് കോയിന്‍ വാങ്ങിയ വിവരം എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുകെലെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. നിലവില്‍ 1500ല്‍ അധികം ബിറ്റ്‌കോയിനുകളാണ് എല്‍ സാല്‍വദോര്‍ സര്‍ക്കാരിന്റെ കൈവശമുള്ളത്. ബിറ്റ്‌കോയിന്റെ മൂല്യം 20 ശതമാനത്തോളം ഇടിഞ്ഞതിനെ തുടര്‍ന്ന് ബുകെലെ തന്റെ ട്വിറ്റര്‍ പ്രൊഫൈലിലെ ഷര്‍ട്ടില്‍ മക്‌ഡൊണാള്‍ഡിലെ ജീവനക്കാരുടേതിന് സമാനമായ ചിഹ്നവും തൊപ്പിയും എഡിറ്റ് ചെയ്ത് ചേർത്തു. മക്‌ഡൊണാള്‍ഡില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മക്‌ഡൊണാള്‍ഡിലെ ജോലി വിട്ട് ഒരു ബിറ്റ്‌കോയിന്‍ ബര്‍ഗര്‍ ഷോപ്പ് തുറക്കണോ എന്ന പോള്‍ ട്വിറ്ററില്‍ നടത്തുന്നുണ്ട്.
ക്രിപ്‌റ്റോ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനുള്ള റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ നിര്‍ദ്ദേശമാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് തിരിച്ചടിയായത്. ഒരു ലക്ഷം കോടി ഡോളറാണ് കഴിഞ്ഞ ആഴ്ച ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്. ബിറ്റ് കോയിന്റെ വില 3400 ഡോളറിലേക്ക് കൂപ്പുകുത്തി. നിലവില്‍ 36,390 ഡോളറാണ്(10.00 AM) ഒരു ബിറ്റ്‌കോയിന്റെ വില.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it