ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നുവോ?
പലപ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയെ കുതിപ്പിലേക്ക് നയിച്ചത് വിദേശ ഫണ്ടുകളുടെ ഒഴുക്കാണ്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ നിക്ഷേപം കോവിഡിന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. NSE500 കമ്പനികളിലെ വിദേശ നിക്ഷേപങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷം മാര്‍ച്ചില്‍ 19.5 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019 മാര്‍ച്ചില്‍ ഇത് 19.3 ശതമാനമായിരുന്നു.
ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ ഫണ്ടുകളുടെ ഉടമസ്ഥാവകാശം 2017 ഡിസംബറില്‍ 18.6 ശതമാനമായിരുന്നു, ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. 2021 ഡിസംബറിലാണ് ആഭ്യന്തര ഇക്വിറ്റികളുടെ 21.4 ശതമാനം കൈവശം വച്ച് വിദേശ നിക്ഷേപം ഉയര്‍ന്ന നിലയിലെത്തിയത്. 619 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശ നിക്ഷേപത്തില്‍ ഏറ്റവും ഉയര്‍ന്ന വിഹിതം ഊര്‍ജ്ജ കമ്പനികളിലും (16.2 ശതമാനം), ഐടി (14.8 ശതമാനം) കമ്പനികളിലുമാണ്. തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍, വിതരണശൃംഖലയിലെ തടസങ്ങള്‍, ചരക്ക് വിലവര്‍ധന എന്നിവയെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന പണപ്പെരുപ്പമാണ് വിദേശ നിക്ഷേപരെ പിന്തിരിപ്പിച്ചത്.
ഡിപ്പോസിറ്ററികളിലെ കണക്കനുസരിച്ച് മെയിലെ നാല് വ്യാപാരദിനങ്ങള്‍ കൊണ്ട് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 6400 കോടി രൂപയാണ് പിന്‍വലിച്ചത്. കഴിഞ്ഞ ധനകാര്യവര്‍ഷം 11 മാസവും അവര്‍ പണം പിന്‍വലിക്കുകയായിരുന്നു. യുഎസ് ഫെഡ് പണലഭ്യത നിയന്ത്രിക്കാനായി കടപ്പത്രങ്ങള്‍ തിരികെ വില്‍ക്കാന്‍ തുടങ്ങുകയാണ്. ജൂലൈയോടെ മാസം 9500 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിപണിയില്‍ വില്‍ക്കും. സമാന്തരമായി പലിശ കൂട്ടും. വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും കുറഞ്ഞ വിലയ്ക്കു കിട്ടുന്ന കടപ്പത്രങ്ങളിലേക്കു പണം മാറ്റും. ഇതിനായി വികസ്വരരാജ്യങ്ങളില്‍ നിന്നു പണം പിന്‍വലിക്കും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്ക് ഇനിയും കുറയുമെന്നാണ് വിലയിരുത്തുപ്പെടുന്നത്.