മൂല്യ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ നാലു ഓഹരികള്‍

2023-24 മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ച 5.2 ശതമാനമായി കുറഞ്ഞുവെന്നാണ് വിലയിരുത്തലുകള്‍. ഇതിന് കാരണം ഉത്പാദന മേഖലയില്‍ ഇടിവ് ഉണ്ടായതും കോര്‍പറേറ്റ് ലാഭ വളര്‍ച്ച കുറഞ്ഞതുമാണ്. എന്നാല്‍ 2024-25ല്‍ സ്ഥിതി മെച്ചപ്പെടുമെന്നും മൊത്തം ആഭ്യന്തര ഉത്പാദനം 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. സാധാരണ കാലവര്‍ഷം ലഭിക്കുമെന്നതിനാല്‍ കാര്‍ഷിക രംഗവും മെച്ചപ്പെടും. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍.
1. അവന്യു സൂപ്പര്‍മാര്‍ട്‌സ് (Avenue Supermarts Ltd):
ഡി-മാര്‍ട്ട് എന്ന പേരില്‍ ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല നടത്തുന്ന കമ്പനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്‌സ്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2022 ജൂലൈ 12ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Centrum Broking).
അന്നത്തെ ലക്ഷ്യ വില 4,429 രൂപ ഭേദിച്ച് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 4,892 രൂപയില്‍ എത്തി. 2023-24ല്‍ വിറ്റുവരവ് 18.4 ശതമാനം വര്‍ധിച്ച് 49,533 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 12 ശതമാനം വര്‍ധിച്ച് 4,099 കോടി രൂപയായി. EBITDA മാര്‍ജിന്‍ 8 ശതമാനത്തില്‍ അധികം നിലനിര്‍ത്താന്‍ സാധിച്ചു. കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ച് ബിസിനസ് ശക്തിപ്പെടുത്തുകയാണ്. 2023-24ല്‍ 41 പുതിയ സ്റ്റോറുകള്‍ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുതിയതായി 131 സ്റ്റോറുകള്‍ ആരംഭിക്കാന്‍ സാധിച്ചു.
ഡി-മാര്‍ട്ട് റെഡി എന്ന പേരില്‍ 23 നഗരങ്ങളില്‍ ഇ-കൊമേഴ്സ് ചാനല്‍ ആരംഭിച്ചു. മൊത്തം വരുമാനത്തിന്റെ 2.5 ശതമാനം ലഭിക്കുന്നത് ഇ-കൊമേഴ്സ് ചാനലില്‍ നിന്നാണ്. റീറ്റെയില്‍ ഫാര്‍മസി ബിസിനസ് നടത്താനായി ഉപകമ്പനി ആരംഭിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഫാര്‍മസികള്‍ ആരംഭിക്കും. ആദ്യത്തേത് മുംബൈയില്‍ ആരംഭിച്ചു. ഈ ബിസിനസില്‍ 2023-24 മുതല്‍ 2025-26 കാലയളവില്‍ 23 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു.
മികച്ച പ്രവര്‍ത്തന ക്ഷമത, സ്റ്റോറുകളുടെ വികസനം എന്നിവ കമ്പനിക്ക് കരുത്ത് പകരും. കടം ഇല്ലാതെ ശക്തമായ ബാലന്‍സ് ഷീറ്റ് ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു. പണപ്പെരുപ്പം കുറയുന്നതും, പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ധിക്കുന്നതും കമ്പനിക്ക് നേട്ടമാകും. നിക്ഷേപകര്‍ക്കുള്ള
നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 5,200 രൂപ
നിലവില്‍ 4,666.40
Stock Recommendation by Geojit Financial Services.
2. എച്ച്.ജി ഇന്‍ഫ്രാ എഞ്ചിനിയറിംഗ് (HG Infra Engineering): റോഡ് നിര്‍മാണ രംഗത്തെ പ്രമുഖ സ്ഥാപനമാണ് എച്ച്.ജി ഇന്‍ഫ്രാ എഞ്ചിനിയറിംഗ്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2024 ഫെബ്രുവരി 19ന് നല്‍കിയിരുന്നു. (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വില 1,120 ഭേദിച്ച് മെയ് 17ന് 52 ആഴ്ച്ചത്തെ ഉയര്‍ന്ന വില യായ 1,425 രൂപയില്‍ എത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞു. നിലവില്‍ 12,434 കോടി രൂപയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനുണ്ട്. അതായത് 2023-24 വരുമാനത്തിന്റെ 2.4 ഇരട്ടി മൂല്യം.
റോഡ് നിര്‍മാണ മേഖലയ്ക്ക് പുറത്ത് രാജസ്ഥാനില്‍ 1,307 കോടി രൂപയുടെ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കി. 2024-25 ല്‍ 11,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ ഓര്‍ഡര്‍ ബുക്കില്‍ 29 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതു തിരഞ്ഞെടുപ്പ് മൂലം 2023-24ല്‍ 4,350 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളെ നേടാന്‍ കഴിഞ്ഞുള്ളു. ദേശീയ ഹൈവെ അതോറിറ്റി പുതിയ പദ്ധതികള്‍ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായി. 2023-24ല്‍ വരുമാനത്തില്‍ 16 ശതമാനം വളര്‍ച്ച ഉണ്ടായി. 2024-25ല്‍ കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുമെന്നത് കൊണ്ട് വരുമാനത്തില്‍ 15-20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. കൂടുതല്‍ പദ്ധതി നിര്‍വഹണത്തിലൂടെ 2025-26ല്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില 1,611 രൂപ
നിലവില്‍ 1,394
Stock Recommendation by Geojit Financial Services.
3. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (V-Guard Industries): ഉപയോക്തൃ വൈദ്യുത ഉത്പന്നങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന പ്രമുഖ കേരള കമ്പനിയായ വി-ഗാര്‍ഡ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ 2023-24 മാര്‍ച്ച് പാദത്തില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 സെപ്റ്റംബര്‍ 7ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. (Stock Recommendation by Nirmal Bang Research ) അന്നത്തെ ലക്ഷ്യ വില 305ല്‍ നിന്ന് ഉയര്‍ന്ന് 2024 മെയ് 17ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തി-378 രൂപ.
ഫാനുകളുടെ വിലയില്‍ വര്‍ധനവ് വരുത്തി. മെയ് മാസം പമ്പുകളുടെ വിലയും വര്‍ധിപ്പിക്കും. അറ്റകടം ഒരു വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയില്‍ നിന്ന് 200 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വേനല്‍ ചൂട് കനത്തതുകൊണ്ട് ഫാന്‍, എയര്‍ കൂളര്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ 27.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ സ്റ്റെബിലൈസര്‍ വില്‍പ്പന ശക്തമായ വര്‍ധന രേഖപ്പെടുത്തി, കൂടാതെ ഗാര്‍ഹിക ഉപകരണങ്ങളുടെ വിഭാഗം (സണ്‍ ഫ്‌ളയിം) മികച്ച നേട്ടം കൈവരിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറഞ്ഞത് മൂലം മൊത്തം മാര്‍ജിന്‍ 3.04 ശതമാനം വര്‍ധിച്ചു. എന്നാല്‍ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചത് മൂലം (16.6%), EBITDA മാര്‍ജിന്‍ ഒരു ശതമാനമേ വര്‍ധിപ്പിക്കാന്‍ സാധിച്ചുള്ളു.
തെക്കേ ഇന്ത്യക്ക് പുറത്ത് വിപണി വികസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പരസ്യ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയത് കൊണ്ട് ബ്രാന്‍ഡ് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിച്ചു. സ്വന്തം ഉത്പാദനം വര്‍ധിപ്പിച്ച് ഔട്ട് സോഴ്‌സിങ് കുറച്ചു കൊണ്ടു വരുന്നത് ആദായം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹൈദരാബാദിലെ ബാറ്ററി ഉത്പാദന കേന്ദ്രവും വാപിയിലെ അടുക്കള ഉപകരണങ്ങളുടെ ഉത്പാദന കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അതില്‍ നിന്നും നേട്ടം ലഭിച്ചു തുടങ്ങും. 3,500 വിതരണക്കാര്‍ കമ്പനിക്ക് ഉണ്ട്. ഒരു ലക്ഷം റീറ്റെയില്‍ സ്ഥാപനങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. 2024-25, 2025-26 കാലയളവില്‍ മൊത്തം 100 കോടി രൂപയുടെ മൂലധന ചെലവിന് പദ്ധതിയിട്ടിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 430 രൂപ
നിലവില്‍ 366.30 രൂപ

Stock Recommendation by Nirmal Bang Research.
4. റെപ്കോ ഹോം ഫിനാന്‍സ് (Repco Home Finance): ഭവന വായ്പ രംഗത്ത് അതിവേഗം വളരുന്ന എന്‍.ബി.എഫ്.സിയായ റെപ്കോ 2024-25ല്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2022 സെപ്റ്റംബര്‍ 14ന് നല്‍കിയിരുന്നു (Stock Recommendation by HDFC Securities). അന്നത്തെ ലക്ഷ്യ വില 278 ഭേദിച്ച് 2024 ഏപ്രില്‍ 29ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 542 രൂപയില്‍ എത്തി. പിന്നീട് വില കുറഞ്ഞു.
തമിഴ്നാടിന് പുറത്ത് വിപണി വികസിപ്പിക്കുന്നുണ്ട്. 2023-24ല്‍ അറ്റ പലിശ മാര്‍ജിന്‍ 5.2 ശതമാനമായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ പണം ചെലവഴിക്കുന്നത് കൊണ്ട് ഈ വര്ഷം മാര്‍ജിന്‍ കുറയും. കഴിഞ്ഞ 8 പാദങ്ങളില്‍ ആസ്തി നിലവാരം മെച്ചപ്പെട്ടതിനാല്‍ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 4.1 ശതമാനം, അറ്റ നിഷ്‌ക്രിയ ആസ്തി 1.5 ശതമാനമായി കുറഞ്ഞു.
വസ്തു ഈട് വെച്ചുള്ള വായ്പകളില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ മൊത്തം ഉപഭോക്താക്കളുടേ 49 ശതമാനം ഉള്ളതിനാല്‍ ബിസിനസില്‍ റിസ്‌ക് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. 2024-25ല്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 15,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കര്‍ണാടകം, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 600 രൂപ
നിലവില്‍ 510 രൂപ
Stock Recommendation by Nirmal Bang Research.
Related Articles
Next Story
Videos
Share it