ജിയോജിത് അറ്റാദായം 123 കോടി, ലാഭവിഹിതം 350 ശതമാനം

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനം നേടി. 2019-20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്‍ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധനവ്. നികുതിക്ക് മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലം അംഗീകരിച്ചു.

നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വര്‍ദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുന്‍പുള്ള ലാഭം ഇതേ പാദത്തില്‍ 24.86 കോടിയില്‍ നിന്ന് 92 ശതമാനം വര്‍ദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വര്‍ദ്ധിച്ച് 36.76 കോടിയിലെത്തി.
1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കില്‍ ഈ വര്‍ഷത്തെ അവസാന ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ്ശുപാര്‍ശ ചെയ്തു. 2020 നവംബറില്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേര്‍ത്ത്, 2020-21 വര്‍ഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നല്‍കാന്‍ ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, ഞങ്ങള്‍ക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചതായും ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെഅവസാന പാദത്തില്‍വരുമാനത്തിന്റെകാര്യത്തില്‍മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കള്‍ക്കായുള്ള ഓഫറുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിനും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് സെന്റേഴ്‌സ് അതോറിറ്റിക്ക് കീഴില്‍ ആള്‍ട്ടര്‍നേറ്റീവ് ഫണ്ട് മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു എ.എം.സി ലൈസന്‍സ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയില്‍ നിയന്ത്രണങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
2021 മാര്‍ച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it