ഉയരങ്ങളില്‍ നിന്ന് 4000 രൂപയോളം ഇടിഞ്ഞ് സ്വര്‍ണം, ഇനിയെന്താകും?

ദേശീയ സ്വര്‍ണവിപണിയില്‍ (Gold Rates)വിലയിടിവ്. എംസിഎക്സ് ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 51,442 രൂപയായി കുറഞ്ഞതോടെ സ്വര്‍ണ വില ഉയരങ്ങളില്‍ നിന്നും 4000 രൂപയോളമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിലെ സംഭവ വികാസങ്ങള്‍ നിക്ഷേപകര്‍ ഉറ്റുനോക്കിയതിനാല്‍ രാജ്യാന്തര വിപണികളില്‍ സ്വര്‍ണവില ഇന്ന് സ്ഥിരത പുലര്‍ത്തി.

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,921.80 ഡോളറായിരുന്നു, ഇത് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ മാസം ആദ്യം 55,600 രൂപയിലേക്ക് കുതിച്ചതിനുശേഷം ഇന്ത്യയില്‍ സ്വര്‍ണവില വളരെ അസ്ഥിരമായി തുടരുകയാണ്. എന്നാൽ വെള്ളി ഫ്യൂച്ചറുകള്‍ 0.25% ഉയര്‍ന്ന് കിലോയ്ക്ക് 68049 രൂപയായിട്ടുണ്ട്.

ഈ മാസം ആദ്യം 55,600 രൂപയിലേക്ക് കുതിച്ചതിനുശേഷം ഇന്ത്യയില്‍ സ്വര്‍ണവില വളരെ അസ്ഥിരമായിട്ടാണ് മുന്നോട്ട് പോകുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തുകയും വരാനിരിക്കുന്ന പോളിസി മീറ്റിംഗുകളില്‍ 6 % നിരക്ക് വര്‍ധനവിന് സൂചന നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടത്തിന് വിധേയമായി.

യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനും ഉയര്‍ന്ന പണപ്പെരുപ്പത്തെക്കുറിച്ചും റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം സാമ്പത്തിക വളര്‍ച്ച കുറയുന്നതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകള്‍ വീണ്ടും ഉയരുകയും ചെയ്യുന്നു. ജിയോ-പൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, വര്‍ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍, ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ പണ നയങ്ങള്‍ കര്‍ശനമാക്കല്‍, ആഗോള പണപ്പെരുപ്പം എന്നിവ സ്വര്‍ണമുള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളെ അസ്ഥിരമായി നിലനിര്‍ത്തുന്നത് തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കേരളത്തിലെ വില

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ (Gold Rate in Kerala) ഇന്നും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വര്‍ദ്ധിക്കുകയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 18 സ്വര്‍ണ്ണവിലയില്‍ ഇന്ന് ഗ്രാമിന് അഞ്ചു രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 3915 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. വെള്ളി ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it