സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു, ഉപഭോക്താക്കള്‍ക്ക് എത്ര രൂപ അധികം നല്‍കേണ്ടി വരും?

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ (Gold import duty) തീരുവ വര്‍ധിപ്പിച്ചു. നിലവിലുള്ള തീരുവയായ 7.5 ശതമാനം എന്നതില്‍ നിന്നും 12.5 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അതായത് ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് തീരുവയില്‍ 5 ശതമാനമാണ് വര്‍ധന. ഇറക്കുമതി തീരുവ മാത്രമല്ല മറ്റ് രണ്ട് അധിക ചാര്‍ജ് (Extra Charge for Gold) കൂടെ വരുന്നതോടെ സ്വര്‍ണംവാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാകും.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് 1 കിലോ സ്വര്‍ണത്തിന് 2.5 ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSA) ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറയുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവ വരുമ്പോള്‍ മൊത്തം തീരുവ വീണ്ടും വര്‍ധിക്കുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
അതേസമയം സാധാരണക്കാരന് സ്വര്‍ണവില(Gold Rate) , ഡ്യൂട്ടി ചാര്‍ജ് (Import Duty), മൂന്ന് ശതമാനം ജി എസ് ടി(GST for Gold), പണിക്കൂലി(Making Charge of Gold) എന്നിവയും നല്‍കേണ്ടി വരുന്നതോടെ ആഭരണം(Gold Ornaments)വാങ്ങുന്നവര്‍ക്ക് സ്വര്‍ണവിലയ്‌ക്കൊപ്പം വലിയൊരു തുക അധികമായി നല്‍കേണ്ടി വരും. അത് വിലയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് നോക്കാം.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില - 4785 രൂപ
ഇറക്കുമതി തീരുവ, അഗ്രി സെസ് എന്നിവ കൂട്ടുമ്പോള്‍ (15.75) - 5538.63 രൂപ
ജിഎസ്ടി 3 ശതമാനം കൂട്ടുമ്പോള്‍ - 5704.78 രൂപ
പണിക്കൂലി (13% ആണെങ്കില്‍) - 6446.40 രൂപ
ആകെ ഒരു ഗ്രാം ആഭരണത്തിന് നല്‍കേണ്ടി വരുന്നത് 6500 രൂപയോളമാകും.
(മുകളിലുള്ള ആഭരണ പണിക്കൂലിയില്‍ വ്യത്യാസം വരുന്നതോടൊപ്പം ജൂവലറിക്കാർ കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ തുകയിൽ വ്യത്യാസം വരുന്നതിനാൽ വാങ്ങുമ്പോഴുള്ള വിലയിൽ അല്‍പ്പം വില കുറയാനും കൂടാനും സാധ്യത ഉണ്ട്)
റീറ്റെയ്ല്‍ വിപണിക്ക് തിരിച്ചടിയാകും
കോവിഡിന് ശേഷം 40 ശതമാനം വരെ വര്‍ധിച്ച കേരളത്തിലെ റീറ്റെയ്ല്‍ (kerala Gold Retail Market) സ്വര്‍ണവ്യാപാര വിപണിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. കോവിഡില്‍ പല ജൂവല്‍റികളും ബിസിനസ് അവസാനിപ്പിച്ചു.
പലരും തിരിച്ചുവരവിനായി ഇപ്പോഴും പ്രയാസപ്പെടുകയാണ്. നിലവിലെ വിപണി വില (MRP) ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും കുറയ്ക്കും. അത് ക്വാണ്ടം ഓഫ് സെയ്ല്‍സ് (Quantum of Sales) അഥവാ വില്‍പ്പനയിലെ അളവ് കുറയ്ക്കുമെന്നതാണ് സത്യം. റീറ്റെയ്ല്‍ വിപണിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it