വച്ചടി കയറി വീണ്ടും സ്വര്‍ണം, വെള്ളിക്കും വിലക്കയറ്റം

സ്വര്‍ണ വില വീണ്ടും മേലോട്ട്. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,800 രൂപയായി. പവന് 200 രൂപ കൂടി 46,400 രൂപയായി. ആഗോള വിപണിയുടെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയില്‍ ഇന്നലെ 2,045.8 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്‌പോട്ട് സ്വര്‍ണം ഇന്ന് നാല് ഡോളറോളം ഉയര്‍ന്ന് 2,050 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കയറ്റം തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനം.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തോടൊപ്പം 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും വില കൂടി. 18 കാരറ്റിന് 20 രൂപ ഉയര്‍ന്ന് 4,805 രൂപയും വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 81 രൂപയുമായി.

ആഗോള വിപണിക്കൊപ്പം മേലോട്ട്

ആഗോള വിപണിക്കൊപ്പം കേരളത്തിലെ സ്വര്‍ണവിലയില്‍ ഈ മാസം വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഡിസംബര്‍ നാലിന് പവന്‍ വില 47,080 രൂപയായിരുന്നു. ഇത് സര്‍വകാല റെക്കോഡാണ്. തുടര്‍ന്ന് പക്ഷേ, വില കുത്തനെ ഇടിഞ്ഞ് ഡിസംബര്‍ 13ന് 45,320 രൂപയിലെത്തി. പിന്നീട് വില വീണ്ടും കയറുകയായിരുന്നു.

ഡോളറും കടപ്പത്രങ്ങളില്‍ നിന്നുള്ള യീല്‍ഡും തളര്‍ച്ച നേരിട്ടതോടെയാണ് സ്വര്‍ണം കരുത്താര്‍ജിച്ചത്. യു.എസ് ഉപയോക്തൃ വിപണിയുടെ വളര്‍ച്ചാക്കണക്ക് ഈയാഴ്ച പുറത്തുവരും. കണക്കുകള്‍ ഭദ്രമെങ്കില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് 2024ല്‍ കടക്കും. കണക്കുകള്‍ നിരാശപ്പെടുത്തിയാല്‍, പലിശ കുറയാന്‍ കാത്തിരിപ്പ് ഏറെ നീളും. ഈ ആശങ്കയാണ് ഡോളറിനെയും യീല്‍ഡിനെയും തളര്‍ത്തുന്നത്.

Related Articles
Next Story
Videos
Share it