സ്വര്‍ണ വില മുന്നോട്ടങ്ങനെ മുന്നോട്ട്; പുതിയ റെക്കോഡ് ₹300 മാത്രം അകലെ

ആഗോള വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില വര്‍ധന തുടരുന്നു. കേരളത്തില്‍ ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,680 രൂപയും പവന് 120 രൂപ വർധിച്ച് 45,440 രൂപയുമായി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 45,760 രൂപ മറികടക്കാന്‍ ഇനി 321 രൂപയുടെ അകലം മാത്രം. ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു സ്വര്‍ണം ഈ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയത് (കേരളത്തിലെ സ്വര്‍ണ വില). പിന്നീട് ചാഞ്ചാട്ടങ്ങളില്‍ പവന്‍ വിലയിൽ 2,400 രൂപയുടെ താഴ്ച വരെ ഉണ്ടായെങ്കിലും നിലവിൽ വില പുതിയ ഉയരത്തിലേക്ക് നീങ്ങുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

ആഗോള വിപണി

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2,000 ഡോളര്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, സ്വര്‍ണം ഏകദേശം 9% ഉയര്‍ന്ന് ഒക്ടോബര്‍ 20ന് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,997.09 ഡോളറിലെത്തിയിരുന്നു. നിലവില്‍ 1,986.18 ഡോളറിലാണ് ഉള്ളത്. ഇന്നലെ 1,973 ഡോളറിലായിരുന്നു വില നിന്നിരുന്നത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ വിലയോടൊപ്പം 18 കാരറ്റ് സ്വര്‍ണ വിലയിലും കുതിപ്പ് കാണുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഇന്ന് 10 രൂപ ഉയര്‍ന്ന് 4,708 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും പരിശുദ്ധ വെള്ളിക്ക് 103 രൂപയുമാണ് ഇന്ന് വില.

ആഭരണം വാങ്ങുമ്പോള്‍

ഒരു പവന് പവന്‍ വില ഇന്ന് 45,440 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 50,000 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവല്‍റികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കേണ്ടതാണ്.

Related Articles
Next Story
Videos
Share it