ഒറ്റദിവസം, രണ്ട് തവണ വിലക്കയറ്റം; പവന്‍വില ₹42,500 കടന്നു
തുടര്‍ച്ചയായ ഇടിവിന് ശേഷം വിലക്കയറ്റത്തിലേക്ക് സ്വര്‍ണം. കഴിഞ്ഞ പത്തു ദിവസത്തില്‍ പവന് 2,040 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെയും ഇന്നുമായി 600 രൂപ വര്‍ധിച്ച് 42,520 രൂപയിലെത്തി. ഇന്ന് മാത്രം രണ്ട് തവണ വില ഉയര്‍ന്നു. രാവിലെയും ഉച്ചയ്ക്കുമായി 520 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ഇന്ന് 65 രൂപ ഉയര്‍ന്ന് 5,315 രൂപയായി.
ആഗോള വിപണിയിലുണ്ടായ സ്വര്‍ണത്തിന്റെ കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 1,832.59 ഡോളര്‍ നിരക്കിലാണ് ഇന്ന് ഔണ്‍സ് സ്വര്‍ണം. ഇന്നലെ 1,819.38 ഡോളറായിരുന്നു. ഇസ്രായേൽ വിഷയമാണ് ആഗോള സ്വർണ വിലയിലും പ്രതിഫലിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.
കേരളത്തില്‍ 18 കാരറ്റിന്റെ വിലയും രണ്ടുതവണ കൂടി. ഗ്രാമിന് 4,393 രൂപയായി.
ഒരു പവന്‍ സ്വർണാഭരണം വാങ്ങാൻ
പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 46,000 രൂപയോളമാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ വേണ്ടി വരുന്നത്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.
വെള്ളി വില
സംസ്ഥാനത്ത് സാധാരണ വെള്ളിക്ക് ശനിയാഴ്ച രാവിലെ ഒരു രൂപ ഉയര്‍ന്ന് ഗ്രാമിന് 74 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില മാറ്റമില്ലാതെ 103 രൂപയിൽ തുടരുന്നു.