സ്വര്‍ണ്ണം 50,000 രൂപയിലെത്തും, ഏറ്റവും മികച്ച നിക്ഷേപമാര്‍ഗ്ഗമാകും

കൊറോണ വൈറസ് ആഗോള സാമ്പത്തിക മേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം സ്വര്‍ണ്ണത്തിന് തുണയാകുന്നു. ഇപ്പോള്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 43,850 രൂപയാണ്. ഏതാനും ദിവസങ്ങളായി വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 50,000ത്തിലേക്കെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ആഗോളതലത്തില്‍ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന് ഡിമാന്റേറുകയാണ്.

സെന്‍സെക്‌സ് ഈ വര്‍ഷം മാത്രം ഇതിനകം 31 ശതമാനത്തിലധികം ഇടിഞ്ഞുകഴിഞ്ഞു. ഡെറ്റ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍പ്പോലും പ്രതിസന്ധിയിലാണ്. കൂടാതെ ലോകത്തെ മറ്റ് കറന്‍സികളുടെ മൂല്യവും ഇടിയുന്നു. മറ്റെല്ലാ നിക്ഷേപപദ്ധതികളും അനാകര്‍ഷകമാകുമ്പോള്‍ സ്വര്‍ണ്ണത്തിന് തിളക്കം കൂടുകയാണ്. ''10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 50,000ത്തിലേക്ക് എത്താനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കാരണം പ്രതിസന്ധിസമയങ്ങളിലാണല്ലോ സ്വര്‍ണ്ണം ഏറ്റവും മികച്ചുനില്‍ക്കാറുള്ളത്. മാത്രവുമല്ല, സ്വര്‍ണ്ണത്തിന് അതിന്റേതുമാത്രമായ ചില സവിശേഷതകളുണ്ട്. രാജ്യാന്തരതലത്തില്‍ സ്വര്‍ണ്ണത്തെ എല്ലാവരും കാണുന്നത് ഇവിടേത്തതുപോലെ ആഭരണമായല്ല. പകരം അതൊരു ആള്‍ട്ടര്‍നേറ്റീവ് കറന്‍സി ആണ്. സ്വര്‍ണ്ണത്തിന് ലോകത്ത് എല്ലായിടത്തും മൂല്യമുണ്ട്. സാധാരണഗതിയില്‍ നാം ഏത് രാജ്യത്ത് പോയാലും വിനിമയത്തിന് അവിടത്തെ കറന്‍സി ഉപയോഗിക്കേണ്ടിവരും. എന്നാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ കറന്‍സി ഇല്ലെങ്കിലും അത് വിറ്റാല്‍ പണം കിട്ടും. മാത്രവുമല്ല കറന്‍സികളുടെ മൂല്യം ഇടിയുന്ന സാഹചര്യവുമാണുള്ളത്.'' ദോഹ ബ്രോക്കറേജ് & ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ് പറയുന്നു.

2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020ല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ 45 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ സ്വര്‍ണ്ണഖനികളും റിഫൈനറികളും അടച്ചിട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ലഭ്യത കുറയാനുള്ള സാധ്യതയുണ്ട്. ഇത് സ്വര്‍ണ്ണത്തിന്റെ വില കൂടാന്‍ ഒരു കാരണമാകാം.

സുരക്ഷിതമായ നിക്ഷേപം

ഓഹരി, ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, ഡെറ്റ് ഫണ്ടുകള്‍ തുടങ്ങിയ നിക്ഷേപമാര്‍ഗങ്ങളേക്കാള്‍ വരുംനാളുകളില്‍ നേട്ടം തരാനാകുന്നത് സ്വര്‍ണ്ണത്തിന് തന്നെയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഹരി വിപണികള്‍ ഇടിയുമ്പോള്‍ നിക്ഷേപര്‍ക്ക് സുരക്ഷിത താവളമാണ് സ്വര്‍ണ്ണം. പണപ്പെരുപ്പത്തെ നേരിടാനുള്ള മികച്ച നിക്ഷേപമാര്‍ഗം കൂടിയാണ് സ്വര്‍ണ്ണം. നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞ മഞ്ഞലോഹം 2020ലെ ഏറ്റവും മികച്ച നിക്ഷേപമായി മാറിയിരിക്കുകയാണ്.

''ഇപ്പോള്‍ മറ്റെല്ലാ നിക്ഷേപമാര്‍ഗങ്ങളും അനാകര്‍ഷകമാകുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ സുരക്ഷിതമായി നിക്ഷേപകര്‍ക്ക് തോന്നുന്നു. വികസിതരാജ്യങ്ങള്‍ കൊറോണ പ്രതിസന്ധി മുന്‍നിര്‍ത്തി രാജ്യത്ത് പൗരന്മാര്‍ക്ക് സാമ്പത്തികസഹായങ്ങള്‍ നല്‍കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം വരാനുള്ള സാധ്യതയുണ്ട്. പ്രതിസന്ധി കഴിയുമ്പോള്‍ വിലയില്‍ ചെറിയ കുറവ് വരാനുള്ള സാധ്യതയുണ്ടെങ്കില്‍പ്പോലും സ്വര്‍ണ്ണം മികച്ച നിക്ഷേപം തന്നെയാണ്.'' പ്രിന്‍സ് ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.

ലോക്ഡൗണ്‍ കഴിയുന്നതോടെ ഇനി പഴയ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥിതിവിശേഷമാണ് വരാനിരിക്കുന്നത്. മൂന്ന് ആഴ്ചയായി തുടരുന്ന ലോക്ഡൗണിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമായി ആളുകള്‍ ഇതിനെ കണ്ടേക്കാം. ഉടന്‍ പണം ലഭിക്കുന്നുവെന്ന് തന്നെയാണ് സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it