Begin typing your search above and press return to search.
എല്‍ഐസിയില്‍ 20 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം
പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) 20 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആണ് കേന്ദ്ര നടപടി. എല്‍ഐസി ഐപിഒയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യും. കോര്‍പറേറ്റ് എന്ന വാക്ക് പുതിയ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തേക്കും.
നിലവില്‍ വിദേശ നിക്ഷേപങ്ങള്‍ കമ്പനികള്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കോര്‍പറേഷനുകള്‍ക്ക് ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ നിയമമാണ് ഭേദഗതി ചെയ്യുക. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. ഐപിഒയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയാണ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍. 20 ശതമാനം നിക്ഷേപം അനുവദിക്കുന്നതോടെ വമ്പന്മാര്‍ എല്‍ഐസിയില്‍ നിക്ഷേപിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലോ അല്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യമോ ആയിരിക്കും ഐപിഒ. ബ്രാന്‍ഡ് ഫിനാന്‍സ് റാങ്കിംഗ്-2021 പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. 2021 നവംബറിലെ കണക്കുകള്‍ പ്രകാരം 37 ട്രില്യണോളമാണ് കമ്പനി കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ മൂല്യം(എയുഎം). കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,906.77 കോടി രൂപയായിരുന്നു എല്‍ഐസിയുടെ അറ്റാദായം. 10.71 ശതമാനം വളര്‍ച്ചയോടെ 6.16 ട്രില്യണായിരുന്നു കമ്പനിയുടെ വരുമാനം. ഓഹരി വിപണിയില്‍ രാജ്യത്ത് ഏറ്റവും അധികം നിക്ഷേപമുള്ളതും എല്‍ഐസിക്കാണ്.
Next Story
Videos