ജോലി രാജിവച്ച് മുഴുവന്‍നേരവും ഓഹരി വിപണിയിലേക്ക് ഇറങ്ങണോ? ഒരാള്‍ക്ക് ഒറ്റയടിക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടമായ കഥ

ആദിത്യ സിംഘാനിയ കഴിഞ്ഞദിവസം ട്വിറ്ററില്‍ (X) പങ്കുവച്ച ഒരു കഥയാണ് നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രമുഖ അമേരിക്കന്‍ ആഗോള ധനകാര്യസ്ഥാപനമായ ജെ.പി മോര്‍ഗനിലെ മുന്‍ കണ്‍സള്‍ട്ടന്റാണ് ആദിത്യ.
ജോലി രാജിവച്ച് മുഴുവന്‍ സമയം ഓഹരി വിപണിയിലേക്ക് ഇറങ്ങുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം നേരിടുകയും ചെയ്ത ഒരാളുടെ കഥയാണ് ആദിത്യ സിംഘാനിയ പങ്കുവച്ചത്. ആളുകള്‍ എപ്പോഴും വിജയകഥകള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും നിങ്ങളുടെ ഏക വരുമാന സ്രോതസ് ഓഹരി വിപണിയിലെ നിക്ഷേപം മാത്രമാണെങ്കില്‍, അത് ലോകത്തെ ഏറ്റവും കഠിനമായ ജോലിയായിരിക്കുമെന്നും ആദിത്യ പറയുന്നു.
നിങ്ങളുടെ നിരവധി വര്‍ഷത്തെ അധ്വാനത്തിന്റെ നേട്ടം ചിലപ്പോള്‍ ഒരു നിമിഷത്തെ തെറ്റ് കൊണ്ട് ഒറ്റയടിക്ക് കൊഴിഞ്ഞുപോയേക്കാമെന്നും അദ്ദേഹം ഈ കഥയിലൂടെ ഓര്‍മ്മിക്കുന്നു.
സിംഘാനിയ പറഞ്ഞ കഥ
ആദിത്യ സിംഘാനിയയുടെ വാക്കുകളിലൂടെ ആ കഥ കേള്‍ക്കാം - അടുത്തിടെ ഒരാളുമായി സംസാരിച്ചു. ജോലി രാജിവച്ച് മുഴുവന്‍ സമയം ഓഹരി വിപണിയിലേക്ക് ഇറങ്ങിയ ആളാണ്. ഒരുകോടി രൂപ നിക്ഷേപിച്ചായിരുന്നു (Capital) തുടക്കം. 2022-23ല്‍ ഒരു കോടി രൂപ അറ്റ ലാഭവും നേടി. അതായത്, മൊത്തം തുക രണ്ടുകോടി രൂപയായി. അതില്‍ നിന്ന് 30 ലക്ഷം രൂപ ആദായനികുതി അടച്ചു.
തൊട്ടടുത്ത വര്‍ഷം ഈ 30 ലക്ഷം രൂപ കിഴിച്ചുള്ള 1.7 കോടി രൂപ കാപ്പിറ്റലുമായി ഓഹരി നിക്ഷേപം നടത്തി. ഊഹക്കച്ചവടങ്ങളിലൂടെ പക്ഷേ അടിപതറി. 2023-24ല്‍ 1.4 കോടി രൂപ നഷ്ടമുണ്ടായി. ഫലത്തില്‍, കാപ്പിറ്റല്‍ വെറും 30 ലക്ഷം രൂപ മാത്രമായി.
അതായത്, പ്രാഥമികമായി നിക്ഷേപിച്ച ഒരു കോടി രൂപ കാപ്പിറ്റല്‍ ഇപ്പോള്‍ വെറും 30 ലക്ഷം രൂപയായി ഇടിഞ്ഞു. കാപ്പിറ്റലിന്റെ 70 ശതമാനവും നഷ്ടം വന്നിരിക്കുന്നു. ഇതിനിടെ 30 ലക്ഷം രൂപ ആദായ നികുതിയും അടച്ചു; 35 ലക്ഷം രൂപ ബ്രോക്കറേജ് ഫീസും കൊടുത്തു.
ക്ലോസിംഗ് പോയിന്റ്
എന്താണ് സിംഘാനിയയുടെ ആ സുഹൃത്തിന് പറ്റിയ തെറ്റ്? അതിനുള്ള ഉത്തരവും കഥയിലുണ്ട്. ഒന്ന്, ഓഹരി നിക്ഷേപത്തിലെ നഷ്ടവും റിസ്‌കും കുറയ്ക്കാന്‍ സഹായിക്കുന്ന സ്റ്റോപ്പ് ലോസ് (Stop Loss) സൗകര്യം പ്രയോജനപ്പെടുത്തിയില്ല എന്നതാണ്.
ആദിത്യ സിംഘാനിയ പങ്കുവെച്ച പോസ്റ്റ്

രണ്ടാമത്തേത് റിവന്‍ജ് ട്രേഡിംഗായിരുന്നു (Revenge Trading) എന്ന് ആദിത്യ സിംഘാനിയ പറയുന്നു. ഒരിക്കല്‍ വലിയ നഷ്ടമുണ്ടാവുകയും എന്നാല്‍ അത് തരണം ചെയ്യാനെന്നോണം വീണ്ടുവിചാരമില്ലാതെ ഓഹരി വാങ്ങിക്കൂട്ടുന്നതാണ് റിവന്‍ജ് ട്രേഡിംഗ്. ഫലത്തില്‍, റിവന്‍ജ് ട്രേഡിംഗ് കൊണ്ടും ഗുണമുണ്ടായില്ല.
മൂന്നാമതായി പറയുന്നത്, ഷോര്‍ട്ട്-സെല്ലിംഗാണ്. കടം വാങ്ങിയ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുന്ന രീതിയാണ് ഷോര്‍ട്ട്-സെല്ലിംഗ്. രണ്ടാമതൊന്ന് ചിന്തിക്കാതെ, ഷോര്‍ട്ട്-സെല്ലിംഗിലേക്ക് ചുവടുവച്ചതും നഷ്ടത്തിലേക്ക് വഴിതുറക്കുകയായിരുന്നു എന്ന് സിംഘാനിയ പറയുന്നു.
ഇനി എന്ത് ചെയ്യും?
നിലവിലെ നഷ്ടം സഹിച്ചുകൊണ്ട് തന്നെ, ഇപ്പോള്‍ കൈവശമുള്ള കാപ്പിറ്റലുമായി മുന്നോട്ടുപോകുകയെന്ന വഴി മാത്രമേ അയാള്‍ക്കുള്ളൂ എന്ന് സിംഘാനിയ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക നിക്ഷേപമായ ഒരുകോടി രൂപയിലേക്ക് തിരിച്ചെത്താന്‍ തന്നെ അദ്ദേഹത്തിന് ഇനി വര്‍ഷങ്ങളെടുത്തേക്കും.
ഏപ്രില്‍ മൂന്നിന് വൈകിട്ടാണ് ആദിത്യ സിംഘാനിയ ഈ കഥ എക്‌സില്‍ പങ്കുവച്ചത്. തുടര്‍ന്ന് ഇതിനകം നിരവധി പേര്‍ റീ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. ആയിരത്തിലേറെ പേര്‍ പോസ്റ്റ് ലൈക്കും ചെയ്തിട്ടുണ്ട്.
സംയമനത്തോടെയും സമചിത്തതയോടെയും ഓഹരി നിക്ഷേപം നടത്താനുള്ള ഉപദേശങ്ങളാണ് പലരും കമന്റില്‍ പങ്കുവച്ചത്. ഓഹരി നിക്ഷേപത്തിലെ ഇരുണ്ടവശമാണിതെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിലര്‍, ബുദ്ധിപൂര്‍വം ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാല്‍ അടുത്ത രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന് നഷ്ടമായ കാപ്പിറ്റല്‍ തിരിച്ചുപിടിക്കാനായേക്കുമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it