Begin typing your search above and press return to search.
വമ്പന്‍ നികുതിയും ഏശുന്നില്ല; ക്രിപ്റ്റോകറന്‍സിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ലാഭത്തിന് 30 ശതമാനം നികുതി. സ്രോതസില്‍ നിന്ന് പിടിക്കുന്ന ഒരു ശതമാനം നികുതി (TDS) വേറെ. ഇതിലൊന്നും കുലുങ്ങാതെ ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികളിലേക്ക് പണം കുതിച്ചൊഴുകുന്നു. ചെയിനനാലിസിസിന്റെ ഗ്ലോബല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ക്രിപ്റ്റോകറന്‍സികളുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ വളര്‍ന്നുവെന്നാണ്.
അമേരിക്ക ആസ്ഥാനമായ ബ്ലോക്ക്ചെയിന്‍ ഡേറ്റാ പ്ലാറ്റ്ഫോമാണ് ചെയിനനാലിസിസ്. 26,000 കോടി ഡോളറിന്റെ ഇടപാടുകളാണ് (ഏകദേശം 22 ലക്ഷം കോടി രൂപ) ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികളില്‍ നടക്കുന്നതെന്ന് ചെയിനനാലിസിസിന്റെ '2023 ജ്യോഗ്രഫി ഓഫ് ക്രിപ്റ്റോകറന്‍സി റിപ്പോര്‍ട്ട്' പറയുന്നു.
സാങ്കല്‍പിക ഡിജിറ്റല്‍ സമ്പാദ്യം (VDS - Virtual Digital Assets) എന്ന് പരിഗണിച്ചാണ് 2022 ഏപ്രില്‍ ഒന്നുമുതല്‍ നികുതി വകുപ്പ് ക്രിപ്റ്റോകറന്‍സികളില്‍ നിന്നുള്ള ലാഭത്തിന് 30 ശതമാനം നികുതി, പുറമേ സര്‍ചാര്‍ജ്, സെസ് എന്നിവ ഏര്‍പ്പെടുത്തിയത്. ആ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഒരു ശതമാനം ടി.ഡി.എസും പ്രാബല്യത്തില്‍ വന്നു.
അമേരിക്ക ഒന്നാമത്
ഒരുലക്ഷം കോടി ഡോളറിനുമേല്‍ (83 ലക്ഷം കോടി രൂപ) ഇടപാടുകളുമായി അമേരിക്കയാണ് ക്രിപ്റ്റോകറന്‍സികളുടെ ഏറ്റവും വലിയ വിപണി. ഇന്ത്യ രണ്ടാമതാണ്.
25,000 കോടി ഡോളറുമായി യു.കെ മൂന്നാമതാണ്. തുര്‍ക്കി, റഷ്യ, കാനഡ, വിയറ്റ്നാം, തായ്ലന്‍ഡ്, ജര്‍മ്മനി എന്നിവയാണ് യഥാക്രമം പിന്നാലെയുള്ളത്.
എതിര്‍പ്പുമായി കേന്ദ്രവും റിസര്‍വ് ബാങ്കും
ക്രിപ്റ്റോകറന്‍സികളെ ഇന്ത്യയില്‍ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ഒരുവേള ക്രിപ്റ്റോകറന്‍സികളെ റിസര്‍വ് ബാങ്ക് നിരോധിച്ചെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കി.
ക്രിപ്റ്റോകറന്‍സികളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളും നിയന്ത്രണ ഏജന്‍സികളില്ലാത്തതിനാല്‍ സുരക്ഷിതമല്ലെന്നും നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടേക്കാമെന്നുമുള്ള നിലപാടാണ് റിസര്‍വ് ബാങ്കിനുള്ളത്. കള്ളപ്പണം. തീവ്രവാദ ഫണ്ടിംഗ്, പണംതിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ചേക്കാമെന്ന് വാദങ്ങളുണ്ട്.
ക്രിപ്റ്റോകറന്‍സി
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ സാങ്കല്‍പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. അമേരിക്കയിലടക്കം ലോകത്ത് ചില രാജ്യങ്ങള്‍ ക്രിപ്റ്റോകറന്‍സി അംഗീകരിച്ചിട്ടുണ്ട്. അവിടങ്ങളില്‍ ഇവയില്‍ നിക്ഷേപിക്കാം, ഇവ ഉപയോഗിച്ച് നിയന്ത്രണങ്ങളോടെ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും ചെയ്യാം.
ഇന്ത്യയില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ക്രിപ്റ്റോ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിനാണ് (Bitcoin) ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറന്‍സി. എഥേറിയം, ടെതര്‍, ബി.എന്‍.ബി., യു.എസ്.ഡി കോയിന്‍, ഡോജ്കോയിന്‍ തുടങ്ങി നിരവധി ക്രിപ്റ്റോകറന്‍സികളുണ്ട്.
Next Story
Videos