ഏപ്രിലില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നിക്ഷേപിച്ചത് 2.51 ശതകോടി ഡോളര്‍

ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപത്തില്‍ ഏപ്രിലില്‍ മാത്രം രണ്ടിരട്ടി വര്‍ധന. റിസര്‍വ് ബാങ്ക് കണക്കു പ്രകാരം 2.51 ശതകോടി ഡോളറാണ് (ഏകദേശം 18400 കോടി രൂപ) ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്നത്.

ഇതില്‍ 1.75 ശതകോടി ഡോളറും വായ്പയായി നല്‍കിയിരിക്കുകയാണ്. ഇക്വിറ്റി കാപിറ്റല്‍ നിക്ഷേപമായി 421.42 ദശലക്ഷം ഡോളറും ഏപ്രിലില്‍ ഇന്ത്യന്‍ കമ്പനികള്‍ നല്‍കി.
മാര്‍ച്ചില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശ സംരംഭങ്ങളില്‍ നിക്ഷേപിച്ച തുക 1.99 ശതകോടി ഡോളര്‍ (ഏകദേശം 14,600 കോടി രൂപ)ആയിരുന്നു.
ടാറ്റ സ്റ്റീല്‍ സിംഗപ്പൂരിലെ സബ്‌സിഡിയറി കമ്പനിയില്‍ 1 ശതകോടി ഡോളറും ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് യുകെയിലെ സംയുക്ത സംരംഭത്തില്‍ 145.61 ദശലക്ഷം ഡോളറും റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് & ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് യുകെയിലെ സ്വന്തം സംരംഭത്തില്‍ 78.52 ദശലക്ഷം ഡോളറും നിക്ഷേപിച്ചിട്ടുണ്ട്.
ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുകെ, സിംഗപ്പൂര്‍, യുഎഇ, യുഎസ്എ എന്നിവിടങ്ങളിലെ സബ്‌സിഡിയറി കമ്പനികളിലും സംയുക്തക സംരംഭങ്ങളിലുമായി 91.56 ദശലക്ഷം ഡോളറും നിക്ഷേപിച്ചതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വറോക് എന്‍ജിനീയറിംഗ് 65.5 ദശലക്ഷം ഡോളര്‍ നെതര്‍ലന്‍ഡ്‌സിലെ സ്വന്തം സംരംഭത്തിലും മദേര്‍സണ്‍ സുമി സിസ്റ്റംസ് 41.70 ദശലക്ഷം ഡോളര്‍ യുഎഇയിലെ സ്വന്തം സ്ഥാപനത്തിലും നിക്ഷേപം നടത്തി.


Related Articles
Next Story
Videos
Share it