റെക്കോര്‍ഡുകള്‍ തിരുത്തി വിപണി, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്ക് പൊന്‍തിളക്കം

വിദേശ സൂചനകള്‍ പോസിറ്റീവായതോടെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ചെറിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. വിശാല വിപണിയില്‍ എല്ലാ സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. മെറ്റല്‍ ഇന്‍ഡക്‌സ് മൂന്ന് ശതമാനം ഉയരത്തിലെത്തിയപ്പോള്‍ ഓട്ടോ ഇന്‍ഡെക്‌സ് 2.14 ശതമാനം കയറി.
24,918.45 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 1,439 പോയിന്റുകള്‍ കയറി സര്‍വകാല റെക്കോഡായ 82,962ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ട്രാഡേയില്‍ സെന്‍സെക്‌സ് 83,119.19 പോയിന്റിലെത്തിയിരുന്നു. മറ്റൊരു സൂചികയായ നിഫ്റ്റി ഇന്ന് 470.45 പോയിന്റുകള്‍ കയറി 25,388.90ലാണ് വ്യാപാരം നിറുത്തിയത്. ഇന്‍ട്രാഡേയില്‍ സര്‍വകാല റെക്കോഡായ 25,433.35ലെത്താനും നിഫ്റ്റിക്ക് കഴിഞ്ഞു. ഇരു സൂചികകളും 1.5 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. സെന്‍സെക്‌സിലെ മുപ്പത് കമ്പനികളില്‍ നെസ്‌ലേ ഇന്ത്യ മാത്രമാണ് നഷ്ടത്തില്‍ അവസാനിച്ചത്. ബാക്കിയെല്ലാം പച്ച കത്തി. ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, എം ആന്‍ഡ് എം, അദാനി പോര്‍ട്‌സ് എന്നിവരാണ് മുന്നില്‍ നിന്നത്.
നിഫ്റ്റിയില്‍ രണ്ടു കമ്പനികളൊഴിച്ച് ബാക്കിയെല്ലാം നേട്ടത്തിലായി. വിപണിയിലെ വമ്പന്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവര്‍ ചേര്‍ന്ന് നിഫ്റ്റി 50ല്‍ ചേര്‍ത്തത് 171 പോയിന്റുകളാണ്. നിഫ്റ്റിയിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 470 പോയിന്റുകളില്‍ 38 ശതമാനം ഈ നാല് ഓഹരികളില്‍ നിന്നും വന്നതാണെന്ന കാര്യം കൂടി കൂട്ടിവായിക്കണം.

വിപണിയില്‍ സംഭവിച്ചതെന്ത്?

കഴിഞ്ഞ ദിവസം നഷ്ടത്തിലവസാനിച്ച ഓഹരി വിപണി വലിയ നേട്ടത്തിലേക്ക് കയറിയത് വിദേശ സൂചനകളുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയിലെ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതും ഫെഡ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച പുതിയ അനുമാനങ്ങളും ആഗോള വിപണിയെ ആവേശത്തിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലുമുണ്ടായതെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ ഫെഡ് റേറ്റ് കുറയ്ക്കുമെന്ന പ്രതീക്ഷ, ക്രൂഡ് ഓയില്‍ വില ബാരലിന് 72 ഡോളറിലെത്തിയത്, ആഗോള വിപണിയിലെ ശുഭസൂചനകള്‍, വിദേശനിക്ഷേപം വര്‍ധിക്കുമെന്ന പ്രതീക്ഷ,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്ക് താഴ്ത്തുമെന്ന പ്രതീക്ഷ, നിഫ്റ്റിയിലെ ലാര്‍ജ് ക്യാപ് ഓഹരികളുടെ മികച്ച പ്രകടനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു.

വിവിധ സൂചികകള്‍

വിശാല വിപണിയില്‍ സൂചികകളെല്ലാം മികച്ച നേട്ടത്തിലാണ് വ്യാപാരം നിറുത്തിയത്.

നിഫ്റ്റി സ്മാള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ മെറ്റല്‍ (2.91), ഓട്ടോ (2.14) സൂചികകള്‍ രണ്ട് ശതമാനത്തിന് മുകളില്‍ കയറി. 0.38 ശതമാനം വര്‍ധന നേടിയ മീഡിയ ഇന്‍ഡക്‌സ് മാത്രമാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മെറ്റല്‍ സൂചികകളുടെ ബലത്തിലാണ് വിപണി ഉച്ചയ്ക്ക് ശേഷം കുതിച്ചത്. നാല്‍കോ, എന്‍.എം.ഡി.സി, ഹിന്‍ഡാല്‍കോ, വേദാന്ത, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവ 3.6 ശതമാനത്തില്‍ നിന്നും 4.6ലേക്ക് കയറി. ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, സെയില്‍ (SAIL) , ഹിന്ദുസ്ഥാന്‍ സിങ്ക്, ടാറ്റസ്റ്റീല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവ 2.9 ശതമാനവും വര്‍ധിച്ചു.

കല്യാണ്‍ ജുവലേഴ്‌സിന് പൊന്‍തിളക്കം

ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി ടാര്‍ഗറ്റ് പ്രൈസ് വര്‍ധിപ്പിച്ചതോടെ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് കുതിച്ചുയര്‍ന്നു. 656.80 രൂപയില്‍ വ്യാപാരം തുടങ്ങിയ കല്യാണ്‍ ജുവലേഴ്‌സ് 5.17 ശതമാനം ഉയര്‍ന്ന് 690.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ എട്ട് മടങ്ങ് മൂല്യം വര്‍ധിച്ചിട്ടും കല്യാണ്‍ ഓഹരികള്‍ക്ക് ബുള്ളിഷ് ഔട്ട്‌ലുക്ക് നല്‍കാനാണ് എച്ച്.എസ്.ബി.സിയുടെ തീരുമാനം. ലക്ഷ്യ വില 810 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

കല്യാണ്‍ ജുവലേഴ്‌സിന് പുറമെ സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് (5.69%) , എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് (4.78%), എന്‍.എം.ഡി.സി (4.45%), സൊമാറ്റോ (4.25%) എന്നിവരും നേട്ടത്തിന്റെ പട്ടികയില്‍ മുന്നില്‍ നിന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതും
സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്
തലപ്പത്ത് പുതിയ ആളുകള്‍ എത്തിയതും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിച്ചിരുന്നു. 689.75 രൂപയില്‍ തുടങ്ങിയ വ്യാപാരം 5.69 ശതമാനം വര്‍ധിച്ച് വ്യാപാരാന്ത്യത്തില്‍ 729 രൂപയില്‍ ക്ലോസ് ചെയ്തു.

സൊമാറ്റോക്ക് ചരിത്ര നേട്ടം

ആഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് , ബൈ റേറ്റിംഗ് നിലനിറുത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ ഓഹരികള്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. നാല് ശതമാനം ഉയര്‍ന്ന സൊമാറ്റോ ഓഹരികള്‍ 286.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ സൊമാറ്റോ ഓഹരികള്‍ 186 ശതമാനമാണ് വളര്‍ന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ പ്രതീക്ഷ രേഖപ്പെടുത്തിയ യു.ബി.എസ് ഓഹരി ടാര്‍ഗറ്റ് പ്രൈസായി 320 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

നഷ്ടക്കണക്ക്

ഇന്നത്തെ നഷ്ടക്കണക്കില്‍ ബയോകോണ്‍ (Biocon -2.15%), നൈകയുടെ മാതൃകമ്പനിയായ എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് (-2.05%), യെസ് ബാങ്ക് (-1.55%), ജെ.എസ്.ഡബ്ല്യൂ ഇന്‍ഫ്രാസ്ട്രക്ചര്‍ (-1.29%), അവന്യൂ സൂപ്പര്‍മാര്‍ട്‌സ് (-1.19%) എന്നിവരാണ് മുന്നില്‍ നിന്നത്. കമ്പനി വില്‍ക്കുമെന്ന അഭ്യൂഹങ്ങളാണ് ബയോകോണ്‍ ബയോളോജിക്‌സിന്റെ ഓഹരി ഇടിയാന്‍ ഇടയാക്കിയത്. എന്നാല്‍ കമ്പനി വില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ രംഗത്തെത്തി. ബയോടെക്‌നോളജി രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയാണ് ബയോകോണ്‍.

കേരള കമ്പനികളുടെ പ്രകടനം

വിപണിയിലെ മികച്ച പ്രകടനം കേരള കമ്പനികളും നേട്ടമാക്കി.

കൂട്ടത്തില്‍ എ.വി.റ്റി നാച്ചുറല്‍ പ്രോഡക്ട്‌സാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത്. 89.14 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനിയുടെ ഓഹരികള്‍ 7.67 ശതമാനം വര്‍ധിച്ച് 95.48 രൂപയിലാണ് ക്ലോസ് ചെയ്തത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (5.00%) അപ്പർ സർക്ക്യൂട്ടിലെത്തി. ഒരു മാസത്തിനിടെ നിക്ഷേപകർക്ക് നൂറുശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് (3.01%), വെസ്‌റ്റേണ്‍ ഇന്ത്യ (3.96%), ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ (2.4%) എന്നിവരും ലാഭക്കണക്കില്‍ മുന്നിലാണ്. ഫെര്‍ട്ടിലേഴ്‌സ് ആന്‍ഡ് കെമിക്കല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവരും മുന്നിലുണ്ട്. അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടില്‍, സി.എസ്.ബി ബാങ്ക്, പോപ്പുലര്‍ വെഹിക്കിള്‍സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സഫ സിസ്റ്റംസ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it