ഓഹരി വിപണി ഇന്ന് മുതല്‍ ടി+1 രീതിയിലേക്ക്; അറിയേണ്ടതെല്ലാം
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ച ഒരു പ്രധാനപ്പെട്ട ദിവസമാണ്. ടി+1 സെറ്റില്‍മെന്റ് രീതിയിലേക്കുള്ള ഓഹരി വിപണിയുടെ മാറ്റം ഇന്ന് മുതല്‍ പൂര്‍ണമായും പ്രബല്യത്തില്‍ വരും. 2022 ഫെബ്രുവരി 25 മുതല്‍ തുടങ്ങിയ നടപടി ക്രമങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായത്.
വിപണി മൂല്യത്തില്‍ പിന്നിലുള്ള 100 ഓഹരികളിലായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം ടി+1 സെറ്റില്‍മെന്റ് നടപ്പാക്കിയത്. പിന്നീട് കൂടുതല്‍ ഓഹരികള്‍ ഈ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് മുതല്‍ വിപണി മൂല്യത്തിന്റെ 80 ശതമാനവും കൈയ്യടക്കിയിരിക്കുന്ന 200 സ്റ്റോക്കുകളും ഈ രീതിയില്‍ സെറ്റില്‍ ചെയ്യും.
എന്താണ് ടി+1 ?
ടി സൂചിപ്പിക്കുന്നത് വ്യാപാരം നടക്കുന്ന ദിവസത്തെയാണ്. ഇനിമുതല്‍ വ്യാപാരം നടത്ത് തൊട്ടടുത്ത പ്രവര്‍ത്തി ദിവസം തന്നെ ഇടപാട് പൂര്‍ത്തിയാവും. അതായത് ഓഹരി വില്‍പ്പന/വാങ്ങല്‍ അടുത്ത ദിവസം തന്നെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ കാണിക്കും. 2003 മുതല്‍ രാജ്യം ടി+2 രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഇടപാട് പൂര്‍ത്തിയാക്കാന്‍ വ്യാപാരം നടന്നതിന് ശേഷം രണ്ട് ദിവസം സമയം ലഭിച്ചിരുന്നു.
ഇത് ആദ്യമായല്ല ഇടപാട് പൂര്‍ത്തിയാക്കാനുള്ള സമയം ഇന്ത്യയില്‍ ചുരുക്കുന്നത്. ടി+3യില്‍ നിന്നാണ് 2003ല്‍ ടി+3യിലേക്ക് മാറിയത്. അതിനും മുമ്പ് ടി+5 രീതിയാണ് ഇന്ത്യന്‍ വിപണികള്‍ പിന്തുടര്‍ന്നിരുന്നത്. പ്രധാനപ്പെട്ട ഓഹരികളില്‍ ചൈനയ്ക്ക് ശേഷം ടി+1 രീതി നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. യുഎസ് ഓഹരി വിപണിയിലും ഈ രീതിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ഭൂരിഭാഗം അന്താരാഷ്ട്ര വിപണികളിലും ഇപ്പോഴും ടി+2 രീതിയിലാണ് വ്യപാരം. വൈകാതെ യുഎസും ടി+1ലേക്ക് മാറിയേക്കും.
നേട്ടങ്ങള്‍
വേഗത്തിലുള്ള ഓഹരി കൈമാറ്റം, പ്രവര്‍ത്തന ക്ഷമത, പണ ലഭ്യത, കൂടുതല്‍ ഇടപാടുകള്‍ തുടങ്ങിയവ ടി+1ന്റെ നേട്ടമാണ്. ഇടപാട് പൂര്‍ത്തിയാവുന്നതിനുള്ള സമയം ചുരുങ്ങുന്നതിലൂടെ നിക്ഷേപകരിലേക്ക് കൂടുതല്‍ പണം എത്തുകയും പങ്കാളിത്തം ഉയരുകയും ചെയ്യാം. അതേ സമയം, സമയ മേഖലയിലെ വ്യത്യാസം കൊണ്ട് വിദേശ നിക്ഷേപകര്‍ക്ക് ഈ രീതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും. പണം കണ്ടെത്താനുള്ള ചെലവും ഉയര്‍ത്താം.