കേന്ദ്രം പുറത്തിറക്കുന്ന ഹരിത ബോണ്ടിന്റെ ആദ്യ ഘട്ടം ഇന്ന്, സമാഹരിക്കുന്നത് 8000 കോടി

നടപ്പ് സാമ്പത്തിക വര്‍ഷം 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകളാണ് (Green Bond) കേന്ദ്ര സര്‍ക്കാരിനായി ആര്‍ബിഐ പുറത്തിറക്കുന്നത്. ആര്‍ബിഐ ഹരിതബോണ്ട് അവതരിപ്പിക്കുന്നത് ആദ്യമാണ്. ഇന്നാണ് ഹരിത ബോണ്ടുകളുടെ ആദ്യഘട്ട വില്‍പ്പന

5 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ കാലാവധിയുള്ള 4000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് രണ്ട് ഘട്ടങ്ങളിലായി അവതരിപ്പിക്കുന്നത്. കുറഞ്ഞത് 10,000 രൂപ മുതല്‍ നിക്ഷേപം നടത്താം. ഹരിത ബോണ്ടിന്റെ അഞ്ച് ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെക്കും. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യാനുള്ള അവസരവും ഉണ്ടാവും. വ്യവസ്ഥകളെല്ലാം ആര്‍ബിഐ പുറത്തിറക്കുന്ന സാധാരണ ബോണ്ടുകള്‍ക്ക് സമാനമാണ്.

ചൊവ്വാഴ്ച, സര്‍ക്കാരിന്റെ 10 വര്‍ഷത്തെ കാലാവധിയുള്ള ബെഞ്ച്മാര്‍ക്ക് ബോണ്ടിന്റെ നേട്ടം 7.35 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. അഞ്ച് വര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ നേട്ടം 7.15 ശതമാനമായിരുന്നു. ഹരിത ബോണ്ടുകളുടെ രണ്ടാംഘട്ടം ഫെബ്രുവരി ഒമ്പതിനാണ്. 2022-23 കാലയളവില്‍ വിപണിയില്‍ നിന്ന് 14.21 ട്രില്യണ്‍ രൂപയുടെ റെക്കോര്‍ഡ് ധനസമാഹരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ആഗോള തലത്തില്‍ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂലധനം കണ്ടെത്താന്‍ വിവിധ രാജ്യങ്ങള്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന പൊതുമേഖലയിലെ പദ്ധതികള്‍ക്ക് വേണ്ടിയാവും ഇന്ത്യ ഈ ബോണ്ടുകളിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. 2070 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ രാജ്യമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Related Articles
Next Story
Videos
Share it