ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച മിതപ്പെടും, നേട്ടം ഉണ്ടാക്കാന്‍ 4 ഓഹരികള്‍

2023-24ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.6 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും 2024-25ല്‍ വളര്‍ച്ച 6.8 ശതമാനമായി മിതപ്പെടും എന്ന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു. ഉയര്‍ന്നു വരുന്ന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതും വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തും. ഇടത്തരം-മധ്യ വരുമാനക്കാര്‍ കൂടുതല്‍ ചെലവഴിക്കുന്നതോടെ ഉപഭോക്തൃ കമ്പനികള്‍ക്കും നേട്ടമാകും. ഈ പശ്ചാത്തലത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍.

1. മോള്‍ഡ്-ടെക് പാക്കേജിംഗ് (Mold-Tek Packaging Ltd): പ്ലാസ്റ്റിക്ക് പാക്കേജിംഗ് രംഗത്ത് കരുത്ത് തെളിയിച്ച കമ്പനിയാണ് മോള്‍ഡ്-ടെക്. പെയ്ന്റ്, ലൂബ്രിക്കന്റ്, ഫാര്‍മ ഉത്പന്നങ്ങള്‍ക്ക് വിവിധ തരത്തിലുള്ള പാക്കേജിംഗ് ഉത്പന്നങ്ങള്‍ 1986 മുതല്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 ജൂണ്‍ 13ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). ജൂലൈ 14ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,104.95 വരെ എത്തി, തുടര്‍ന്ന് ലാഭമെടുപ്പില്‍ വില ഇടിഞ്ഞു. നിലവില്‍ വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റോപ്പറുകള്‍, മൂടികള്‍, ക്യാപ്, അടക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ ഭൂരിഭാഗവും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പാക്കേജിംഗഗ് രംഗത്തുള്ള മോള്‍ഡ്-ടെക് കമ്പനിയുടെ എതിരാളികള്‍ എല്ലാം ഇങ്ങനെ ഇറക്കുമതിയെ ആശ്രയിക്കുകയാണ്. എന്നാല്‍ മോള്‍ഡ് ടെക് പൂര്‍ണമായും സ്വന്തം ഉത്പാദനത്തിലേക്ക് മാറാനുള്ള ആസൂത്രണം നടത്തി വരുന്നു. ഇത് കമ്പനിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കും. നിലവില്‍ മറ്റു കമ്പനികളുടെ മാര്‍ജിന്‍ മോള്‍ഡ് ടെക്കിനെക്കാള്‍ മെച്ചപ്പെട്ടതാണ്. എന്നാല്‍ മോള്‍ഡ് ടെക്കിന് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ സാധിക്കും. ക്യു ആര്‍ കോഡിംഗ്, ഐ.ബി.എം സാങ്കേതിക വിദ്യ എന്നിവ നടപ്പാക്കിയത് കൊണ്ട് കമ്പനിക്ക് ഫാര്‍മ പാക്കേജിംഗില്‍ നൂതന ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയും. ഫാര്‍മ പാക്കേജിംഗിന് പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കുകയാണ്. 2023-24 ഡിസംബര്‍ പാദത്തില്‍ മൊത്തം വരുമാനം 6.6 ശതമാനം വര്ധിച്ച് 165.51 കോടി രൂപയായി അറ്റാദായത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1,100 രൂപ

നിലവില്‍ 838.65.

Stock Recommendation by Nirmal Bang Research.

2. ആസാദ് എന്‍ജിനിയറിംഗ് (Azad Engineering Ltd) : വ്യോമയാന, പ്രതിരോധ, എണ്ണ പ്രകൃതി വാതകം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് നിര്‍ണായകവും സങ്കീര്‍ണവുമായ ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് ആസാദ് എന്‍ജിനിയറിംഗ്. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനത്തിലും ആദായത്തിലും റെക്കോഡ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. വരുമാനം 49 ശതമാനം വര്‍ധിച്ച് 89.2 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 37 ശതമാനം വര്‍ധിച്ച് 32.7 കോടി രൂപയായി. അറ്റാദായം 19 ശതമാനം വര്‍ധിച്ച് 16.8 കോടി രൂപയായി. പ്രഥമ ഓഹരി വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുകയില്‍ 134.2 കോടി രൂപ വായ്പ തിരിച്ചടവിന് ഉപയോഗപെടുത്തി. അങ്ങനെ മൊത്തം കടം 30 കോടി രൂപയായി കുറഞ്ഞു. റോള്‍സ് റോയ്സ് കമ്പനിക്ക് പ്രതിരോധ, മിലിറ്ററി ആവശ്യങ്ങള്‍ക്ക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള 7 വര്‍ഷത്തെ കരാര്‍ ലഭിച്ചതിന് പിന്നാലെ ഊര്‍ജ മേഖലയിലെ അമേരിക്കയിലെ പ്രമുഖ കമ്പനിയായ ബേക്കര്‍ ആന്‍്ഡ ഹ്യൂസ് കമ്പനിയില്‍ നിന്ന് നിര്‍ണായകവും സങ്കീര്‍ണവുമായ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ ലഭിച്ചു. 2023-24 മാര്‍ച്ച് പാദത്തില്‍ ധനകാര്യ ചെലവുകള്‍ കുറക്കാന്‍ സാധിക്കുകമെന്ന് കരുതുന്നു. ഐ.പി.ഒയില്‍ നിന്ന് ലഭിച്ച തുകയില്‍ 60.4 കോടി രൂപ മൂലധന ചെലവിനായി വിനിയോഗിച്ചു. കമ്പനി നിര്‍മിച്ചു നല്‍കുന്ന ഉത്പന്നങ്ങള്‍ 100 ശതമാനം കുറ്റമറ്റതാക്കന്‍ സാധിച്ചിട്ടുണ്ട്. ബഹിരാകാശ, വ്യോമയാന, പ്രതിരോധ രംഗങ്ങളില്‍ ഇത് വളര്‍ച്ചക്ക് നിര്‍ണായകമാണ്. ഇങ്ങനെ മൂന്ന് ദശലക്ഷം ഘടകങ്ങള്‍ കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു. ഹൈദരാബാദില്‍ നാലു ആധുനിക നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1,600 രൂപ

നിലവില്‍ 1354 രൂപ.

Stock Recommendation by ICICI Securities.

3. എച്ച്.ഡി.എഫ്.സി ബാങ്ക് (HDFC Bank): എച്ച്.ഡി.എഫ്.സി-എച്ച്.ഡി.എഫ്.സി ബാങ്ക് ലയനത്തെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഓഹരി വില താഴേക്ക് പോയി. എന്നാല്‍ വളര്‍ച്ച മുന്‍നിറുത്തി വ്യക്തമായ പദ്ധതികളോടെ മുന്നേറ്റം നടത്തുകയാണ് ഈ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്ക്. വായ്പയില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. 93 ദശലക്ഷം ഉപഭോക്താക്കള്‍ ബാങ്കിനുണ്ട്. കൂടുതല്‍ ഉപഭോക്താക്കളെ നേടാനുള്ള പരിശ്രമം തുടരുന്നു. ആസ്തികള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.26 ശതമാനം, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.3 ശതമാനമായി കുറഞ്ഞു. മൂലധന പര്യാപ്തത അനുപാതം 18.4 ശതമാനമായി തുടര്‍ച്ചയായ വളര്‍ച്ചക്ക് കളമൊരുക്കുന്നു. ബാങ്ക് വായ്പകളില്‍ ഡിസംബര്‍ പാദത്തില്‍ 24.69 ലക്ഷം കോടി രൂപയോടെ 5 ശതമാനം വര്‍ധന രേഖപ്പെടുത്തി. കറണ്ട് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ടില്‍ 38 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ശക്തമായ ബാലന്‍സ് ഷീറ്റും, മികച്ച റിസ്‌ക് മാനേജ്‌മെന്റും കമ്പനിയുടെ അടുത്ത 3-5 വര്‍ഷത്തെ വളര്‍ച്ച പദ്ധതികള്‍ക്ക് ശക്തി പകരും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1,762 രൂപ

നിലവില്‍ 1,446 രൂപ.

Stock Recommendation by LKP Securities.


4. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Godrej Consumer Products Ltd): സുഗന്ധ തിരികള്‍, ദ്രാവക ഡിറ്റര്‍ജന്റുകള്‍ എന്നിവ പുതിയതായി പുറത്തിറക്കി ഉപഭോക്തൃ വിപണിയില്‍ ശക്തമാവുകയാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. 2023-24 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 8 ശതമാനം, വില്‍പ്പന 2 ശതമാനം വര്‍ധന രേഖപ്പെടുത്തി, അറ്റാദായം 5 ശതമാനം വര്‍ധിച്ചു. ഗാര്‍ഹിക കീടനാശിനികള്‍, ഹെയര്‍ കളര്‍, എയര്‍ ഫ്രഷ്നര്‍, ഫാബ്രിക് കെയര്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. 2023 ജൂലൈ 1ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Emkay Research). അന്നത്തെ ലക്ഷ്യ വില 1,225 രൂപ ഭേദിച്ച് 2024 ഫെബ്രുവരി 1ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,299.90 രൂപ വരെ ഉയര്‍ന്നു. കഴിഞ്ഞ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ ബിസിനസില്‍ 4-5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഉഗാണ്ട, ടാന്‍സാനിയ, അംഗോള എന്നി രാജ്യങ്ങളിലെ ബിസിനസ്സിന്റെ പുനഃക്രമീകരണത്തിന് ശേഷം കെനിയ ബിസിനസും പുനഃസംഘടിപ്പിക്കുകയാണ്. ഇന്‍ഡോനേഷ്യന്‍ ബിസിനസില്‍ തിരിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി അടുത്ത രണ്ടു മൂന്ന് വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ വര്‍ധിപ്പിക്കാനായി പ്രീമിയം ഉത്പന്നങ്ങള്‍ പുറത്തിറക്കുകയും പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. കയറ്റുമതി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1,455 രൂപ

നിലവില്‍ 1,233.65 രൂപ.

Stock Recommendation by Sharekhan by BNP Paribas

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it