ഇന്‍ഡിഗോ നിക്ഷേപകര്‍ കലിപ്പിലല്ല, ഒരുമാസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 250 രൂപ
ഒരു മാസത്തിനിടെ ഓഹരി വിപണിയില്‍ മിന്നും പ്രകടനവുമായി ഇന്‍ഡിഗോയുടെ (Indigo) മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്. എയര്‍ലൈന്‍ കാരിയറായ ഇന്‍ഡിഗോ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ഒരു മാസത്തിനിടെ 16 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത് ഇക്കാലയളവില്‍ ഓഹരി വില ഉയര്‍ന്നത് 248 രൂപ. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 5 ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ മികച്ച നേട്ടം സമ്മാനിച്ചത്. ഇന്ന് 0.66 ശതമാനം ഉയര്‍ന്ന ഈ കമ്പനിയുടെ ഓഹരി വില അഞ്ച് ദിവസത്തിനിടെ 6.57 ശതമാനം അഥവാ 110 രൂപ ഉയര്‍ന്നു. 1800 രൂപ എന്ന നിലയിലാണ് ഇന്ന് (18-07-2022, 2.10) ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.
നേരത്തെ, കോവിഡിന്റെ തുടക്കത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ വീഴ്ചയിലേക്ക് വീണ എയര്‍ലൈന്‍ കമ്പനി വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെയാണ് ഉയര്‍ന്നുതുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കമ്പനി അതിന്റെ എക്കാലത്തെയും ഉയര്‍ന്നനിലയായ 2380 രൂപയും തൊട്ടു.
കോവിഡ് (Covid19) നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചതോടെ ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം കോവിഡിന് മുമ്പുള്ള നിലയിലെത്തുകയും അന്താരാഷ്ട്ര ഗതാഗതം അതിവേഗം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസില്‍ മുന്‍നിരയിലാണ് ഇന്‍ഡിഗോ. ഇതിന് പുറമെ കോഡ്‌ഷെയറിലൂടെ അന്താരാഷ്ട്ര വിപണികളിലേക്കും കമ്പനി വലിയ മുന്നേറ്റം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സെഗ്മെന്റിന്റെ വിഹിതം കോവിഡിന് മുമ്പുള്ള 21 ശതമാനത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലെത്തിക്കാനാണ് എയര്‍ലൈനിന്റെ ലക്ഷ്യം.
കൂടാതെ, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില ഇനിയും ഉയരുമെന്നാണ് സ്‌റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളും പ്രവചിക്കുന്നത.് സെന്‍ട്രം ബ്രോക്കിംഗ് ഇന്റര്‍ഗ്ലോബ് ഏവിയേഷന് 2,284 രൂപയാണ് ലക്ഷ്യവിലയായി നിര്‍ദേശിക്കുന്നത്.