പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപം കുത്തനെ ഉയരുന്നു, ശ്രദ്ധിച്ചില്ലെങ്കില്‍ കൈപൊള്ളുമെന്ന് വിദഗ്ധര്‍

പത്തുരൂപയില്‍ താഴെ വിലയുള്ള, ഓഹരി വിപണിയില്‍ പെന്നി സ്റ്റോക്കുകള്‍ എന്ന വിശേഷണത്തിന് അര്‍ഹമായ ഓഹരികളില്‍ നിക്ഷേപം കുതിച്ചുയരുമ്പോള്‍ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി ഓഹരി വിപണി വിദഗ്ധര്‍.

ഈ വര്‍ഷം സെന്‍സെക്‌സിന്റെ പ്രകടനത്തിനേക്കാള്‍ മികച്ചതാണ്, അഞ്ചുരൂപയില്‍ താഴെ വിലയുള്ള 800 ഓളം ഓഹരികളുടെ സൂചികയുടെ പ്രകടനം. കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിപണിയില്‍ നേരിട്ട കനത്ത ഇടിവോടെയാണ് പുതിയ ചില പ്രവണതകള്‍ക്ക് ശക്തിയേറിയത്.

വിപണിയില്‍ കനത്ത വിലയിടിവ് സംഭവിച്ചതോടെ പല പ്രീമിയം ഓഹരികളും മോഹിപ്പിക്കുന്ന വിലയില്‍ ലഭ്യമായിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും വിപണിയിലുണ്ടായ ഇടിവും ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ പുതുതലമുറ നിക്ഷേപകരെയും ആകര്‍ഷിച്ചു. പുറത്തിറങ്ങാനാകാതെ വീടുകളില്‍ അടച്ചിരുന്നവര്‍ കൈയിലെ സ്മാര്‍ട്ട് ഫോണും മറ്റ് സംവിധാനങ്ങളുമുപയോഗിച്ച് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ മുന്നിട്ടിറങ്ങി.

മാര്‍ച്ച് മാസം മുതല്‍ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ)യില്‍ പുതുതായി തുറന്ന എക്കൗണ്ടുകളുടെ എണ്ണം 26 ലക്ഷമാണ്! ഇതില്‍ തന്നെ എട്ട് ലക്ഷത്തിലേറെ എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തത് ജൂണ്‍ മാസത്തിലും.

പുതുതായി ഡീമാറ്റ് എക്കൗണ്ടുകള്‍ തുറന്ന് വിപണിയില്‍ നിക്ഷേപം നടത്താന്‍ മു്ന്നിട്ടിറങ്ങിയവര്‍ വന്‍തോതില്‍ പത്തുരൂപയില്‍ താഴെയുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ''ഓഹരി വിപണിയില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ ഭൂരിഭാഗവും വില കുറഞ്ഞ ഓഹരികളാണ് കൂടുതലായി വാങ്ങുക. ബ്ലൂ ചിപ് കമ്പനികളില്‍ നിക്ഷേപം നടത്തണമെന്നൊക്കെ ഉപദേശം നല്‍കാം. പക്ഷേ പുതിയ ആളുകള്‍ എപ്പോഴും കുറഞ്ഞ വിലയുള്ള ഓഹരികള്‍ കൂടുതല്‍ വാങ്ങും. ഓഹരി വിപണിയില്‍ ധനലഭ്യത കൂടിയതോടെ വിപണി ഉയരാനും തുടങ്ങി. രാജ്യത്തെ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണമോ, സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയുടെ പ്രകടനവും തമ്മിലുള്ള അന്തരമോ ഒന്നും ഇവര്‍ ഇപ്പോള്‍ ഗൗരവമായെടുക്കുന്നില്ല. ബുദ്ധിപൂര്‍വ്വം ലാഭമെടുത്ത് വിറ്റുമാറിയില്ലെങ്കില്‍ ഇത്തരം നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും,'' ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാംകി മുന്നറിയിപ്പ് നല്‍കുന്നു.

സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന രുചി സോയ മുതല്‍ സിദ്ധ വെഞ്ചേഴ്‌സ്, ജെയ്ന്‍ സ്റ്റുഡിയോസ് തുടങ്ങി ഒട്ടനവധി ഓഹരികള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ 400 ശതമാനം മുതല്‍ 900 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്! ''ഒട്ടനവധി ഗുണനിലവാരം കുറഞ്ഞ ഓഹരികള്‍ ഈ അടുത്ത നാളുകളില്‍ അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ചിട്ടുണ്ട്. വന്‍തോതില്‍ ഊഹക്കച്ചവടം ഈ രംഗത്ത് നടക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാല്‍, പെന്നി സ്റ്റോക്കുകളില്‍ ഒരു കുമിള സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഈ കുമിള തീര്‍ച്ചയായും പൊട്ടും,'' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ അടുത്തിടെ ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.

ചൂതാട്ടം ആപത്ത്

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലെ യുവതലമുറ വന്‍തോതില്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്ത് വിപണിയില്‍ നിക്ഷേപം ആരംഭിച്ചിരുന്നു. ഇത് രാജ്യം സ്വാഗതം ചെയ്യേണ്ട പ്രവണതയുമാണ്. പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങള്‍ക്കപ്പുറത്തേക്ക് മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് യുവതലമുറ ആകര്‍ഷണീയരാകുന്നത് രാജ്യത്തിന് ഗുണകരമാകും.

ഓഹരി വിപണി എന്നാല്‍ കമ്പനികള്‍ക്ക് മൂലധനം പൊതുനിക്ഷേപകരില്‍ നിന്ന് സമാഹരിക്കാനുള്ള ഇടം കൂടിയാണ്. ഓഹരി വിപണിയിലെ ഉണര്‍വ് അതുകൊണ്ട് തന്നെ നല്ല കമ്പനികള്‍ക്കും നല്ല നിക്ഷേപകര്‍ക്കും നേട്ടം സമ്മാനിക്കും. പക്ഷേ, അടുത്ത കാലത്തായുണ്ടായ കുതിപ്പ് കടക്കെണിയിലായ, സുതാര്യമായ പ്രവര്‍ത്തന ശൈലിയില്ലാത്ത കമ്പനികള്‍ക്ക് പോലും ഗുണകരമായിട്ടുണ്ട്. എന്നാല്‍ പത്തുരൂപയില്‍ താഴെ ഓഹരി വിലയുള്ള കമ്പനികള്‍ എല്ലാം മോശം കമ്പനികളാണ് എന്ന ധാരണ ശരിയല്ലെന്ന് രാംകി ചൂണ്ടിക്കാട്ടുന്നു. ''മുംബൈ ഛത്രപതി ശിവജി മഹരാജ് എയര്‍പോര്‍ട്ട് നിര്‍മിച്ച കമ്പനിയുടെ ഓഹരി വില നിലവില്‍ 2.34 രൂപയാണ്. ഇപ്പോള്‍ പത്തുരൂപയിലും താഴെ ഓഹരി വില എത്തിയ കമ്പനികളെല്ലാം മോശക്കാരല്ല. രാജ്യത്തെ ചില നയങ്ങളും നയം മാറ്റങ്ങളും യാഥാര്‍ത്ഥ്യബോധമില്ലാത്ത നടപടികളുമാണ് ചെറുകമ്പനികള്‍ക്ക്് തിരിച്ചടിയായതും വില കുത്തനെ ഇടിയാന്‍ കാരണമായതും. ഇവിടെ കുറച്ച് വന്‍കിട കമ്പനികള്‍ മതിയെന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്,'' രാംകി തുറന്നടിക്കുന്നു.

ഓഹരി വിപണിയിലെ മികച്ച സ്‌മോള്‍ കാപ്, മിഡ് കാപ് കമ്പനികള്‍ക്ക് നോട്ട് പിന്‍വലിക്കല്‍ കാലം മുതല്‍ കഷ്ടനാളുകളാണ്. കോവിഡ് വന്നതോടെ അത് പതിന്മടങ്ങായി. ഇതിനിടെ തട്ടിപ്പ് കമ്പനികളുമുണ്ട്. അതിന് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന വാദവും ഇതിനിടെ ശക്തമാണ്.

നിക്ഷേപകര്‍ എന്തുചെയ്യണം?

ബ്ലു ചിപ് കമ്പനികള്‍ വിപണിയിലെ കയറ്റിറക്കങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ പര്യാപ്തരായിരിക്കും. എന്നാല്‍ ഇപ്പോള്‍ തന്നെ കടക്കെണിയിലായ, റീറ്റെയ്ല്‍ നിക്ഷേപകരുടെ കണ്ണും പൂട്ടിയുള്ള നിക്ഷേപം മൂലം വില ഉയര്‍ന്ന ചെറുകമ്പനികള്‍ വിപണിയിലെ കനത്ത തകര്‍ച്ചകളെ പ്രതിരോധിക്കണമെന്നില്ല. ഒരിക്കല്‍ ഇവയുടെ വില കുത്തനെ ഇടിഞ്ഞാല്‍ പിന്നീട് കരകയറുന്നതും ദുഷ്‌കരമാകും. അതുകൊണ്ട് നിക്ഷേപകര്‍ ശ്രദ്ധിച്ച് വേണം മുന്നോട്ടുപോകാന്‍. ''ഓരോ കയറ്റത്തിലും ലാഭമെടുത്ത് പിന്‍വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണം. മികച്ച അടിത്തറയില്ലാത്ത കമ്പനികളില്‍ ദീര്‍ഘകാലം നിക്ഷേപം തുടരുന്നത് റിസ്‌കാണ്,'' രാംകി മുന്നറിയിപ്പ് നല്‍കുന്നു.

ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കണമെന്ന നിര്‍ദേശം തന്നെയാണ് ഡോ. വി കെ വിജയകുമാറും നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it