Begin typing your search above and press return to search.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഓ ഇന്ന് മുതല്‍; എങ്ങനെ വാങ്ങാം
കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി വില്‍പ്പന (ഐപിഒ) ഇന്ന് മുതല്‍. മൂന്ന് ദിവസമാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള സമയം. മാര്‍ച്ച് 18 ന് ഐപിഒ അവസാനിക്കും. 10 രൂപ മുഖ വിലയുള്ള ഓഹരികള്‍ ആണ് വില്‍ക്കുന്നത്. 86 മുതല്‍ 87 രൂപയ്ക്ക് വരെ ആയിരിക്കും ഇത് ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്്) വഴി ലഭ്യമാവുക.
ഏറ്റവും ചുരുങ്ങിയത് ഒരു ലോട്ട് അഥവാ 172 ഓഹരികള്‍ എങ്കിലും വ്യക്തികള്‍ വാങ്ങണം. കല്യാണ്‍ ജ്വല്ലേഴ്സില്‍ വില്‍ക്കുന്ന മൊത്തം ഓഹരികളുടെ 50 ശതമാനം നിശ്ചിത യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. അവശേഷിക്കുന്ന 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും 15 ശതമാനം മറ്റുള്ളവര്‍ക്കും വാങ്ങാന്‍ സാധിക്കും.
ഇതിനോടകം കല്യാണ്‍ ആങ്കര്‍ നിക്ഷേപകരായ സിങ്കപ്പൂര്‍ സര്‍ക്കാര്‍, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂര്‍ എന്നിവയില്‍ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആകെ 15 സ്ഥാപനങ്ങളാണ് കല്ല്യാണില്‍ ആങ്കര്‍ നിക്ഷേപകരായി എത്തിയിരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി രംഗത്തുള്ളവര്‍ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പ്രഥമ ഐപിഒയെ വിലയിരുത്തുന്നത്.
ഐപിഒ വഴി 1,175 കോടി രൂപയാണ് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 375 കോടി രൂപ നിലവിലെ ഓഹരി വിറ്റഴിക്കുന്നതാണ്. പ്രൊമോട്ടര്‍മാരായ ടിഎസ് കല്യാണരാമന് 125 കോടി രൂപയും നിക്ഷേപകരായ വാര്‍ബര്‍ പിങ്ക്സിന് 250 കോടി രൂപയും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വാര്‍ബര്‍ പിങ്ക്സിന് മൊത്തം 24 ശതമാനം ഓഹരികളാണ് കല്യാണ്‍ ജ്വല്ലേഴ്സില്‍ ഉള്ളത്.
പ്രമുഖ വ്യവസായി ടി എസ് കല്യാണരാമന്റെ നേതൃത്വത്തില്‍ 1993ല്‍ ഒരൊറ്റ ഷോറൂമുമായി തൃശൂരില്‍ തുടങ്ങിയ കല്യാണ്‍ ജ്വല്ലേഴ്‌സിന് 2020 ജൂണ്‍ 30 ലേക്ക് എത്തുമ്പോള്‍ രാജ്യത്ത് ആകെ 137 ഷോറൂമുകളുണ്ട്. 21 നഗരങ്ങളിലായി ഇന്ത്യയിലാകെ സേവനം നല്‍കുന്നു. കല്യാണരാമന്‍ മക്കളായ ടി കെ സീതാരാമന്‍, ടി കെ രമേശ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍.
Next Story
Videos