വാക്‌സിന്‍ അനുമതി കരുത്തായി, ഓഹരി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍

വാക്‌സിന്‍ വിതരണത്തിനുള്ള അനുമതിയും സാമ്പത്തിക മേഖലയുടെ തിരിച്ചു കയറ്റ സൂചനകളും ആഗോള വിപണിക്കൊപ്പം ഇന്ത്യന്‍ ഓഹരി വിപണിക്കും നേട്ടമായി. ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. നിഫ്റ്റി 14100 പോയ്ന്റിലും സെന്‍സെക്‌സ് 48,000 പോയ്ന്റിനും മേലെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 307.82 പോയ്ന്റ് ഉയര്‍ന്ന് 48,176.80 പോയ്ന്റിലും നിഫ്റ്റി 114.40 പോയ്ന്റ് ഉയര്‍ന്ന് 14132.90 പോയ്ന്റിലും എത്തി. 2061 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 973 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഐറ്റി ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം ഹീറോ മോട്ടോകോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനുമായില്ല.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19 ഓഹരികളുടെ വില ഉയര്‍ന്നു. എട്ട കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.87 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.84 ശതമാനം), അപ്പോളോ ടയേഴ്‌സ് (4.67 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (4.07 ശതമാനം), ഫെഡറല്‍ ബാങ്ക് (3.67 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ പെടുന്നു.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.53 ശതമാനം ഇടിവ്), ധനലക്ഷ്മി ബാങ്ക് (1.92 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.86 ശതമാനം) തുടങ്ങിയ ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it