വിപണി ഇന്നും താഴേയ്ക്ക്, പ്രധാനമന്ത്രിയുടെ പ്രസംഗം തുണച്ചില്ല

വൈകീട്ട് നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പേ വിപണിയിലുണ്ടായ നേട്ടം, പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ നഷ്ടമായി. കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊണ്ടുവന്നെങ്കിലും രോഗം ക്രമാതീതമായി വര്‍ധിക്കുന്നതുകൊണ്ട് കാര്യമായ ചലനം വ്യാവസായിക, വാണിജ്യ മേഖലകളിലുണ്ടായിട്ടില്ല. ഇത് വിപണിയെ താഴേക്ക് നയിക്കാന്‍ ഇന്ന് കാരണമായിട്ടുണ്ട്.
സെന്‍സെക്‌സ് 46 പോയ്ന്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 34,916 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10 പോയ്ന്റ് ഇടിഞ്ഞ് 10,302ലും ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐറ്റിസി, ടിസിഎസ് എന്നിവയുടെ താഴ്ചയാണ് വിപണിയെയും ഇന്ന് താഴേക്ക് നയിച്ചത്.
നിഫ്റ്റിയുടെ വിവിധ സെക്ടറുകളുടെ പ്രകടനം സമ്മിശ്രമായിരുന്നു. നിഫ്റ്റി ഓട്ടോ ഒരു ശതമാനം വര്‍ധിച്ചു. പിഎസ്‌യു ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. ഫാര്‍മ, മീഡിയ ഓഹരികള്‍ക്കും ഇന്ന് നല്ല ദിവസമായിരുന്നില്ല.
ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള ചില നല്ല ക്വാര്‍ട്ടര്‍ ഫല സൂചനകള്‍ ലഭിച്ചതിനാല്‍ ആഗോള വിപണികളില്‍ പോസിറ്റീവ് ചലനമായിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ കൂടുന്നത് നിക്ഷേപകരെ ഉലയ്ക്കുന്നുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
തിങ്കളാഴ്ചയില്‍ നിന്ന് വിഭിന്നമായി ഇന്ന് ഒമ്പത് കേരള കമ്പനികള്‍ നിലമെച്ചപ്പെടുത്തി. എന്നാല്‍ തുടര്‍ച്ചയായി വില ഉയര്‍ന്നിരുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് 2.50 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളെല്ലാം ഇന്ന് താഴേയ്ക്ക് പോയി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വില മാത്രമാണ് ഇന്ന് കൂടിയത്.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെയും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെയും വിലകള്‍ ഇന്നുയര്‍ന്നു. റബ്ഫില ഇന്റര്‍നാഷണലിന്റെ വില രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline