കോവിഡ് രണ്ടാംതരംഗം വിപണിയെ ഉലച്ചു, ഒഴുകിപോയത് നിക്ഷേപകരുടെ 9 ലക്ഷം കോടി രൂപ!

2020 മാര്‍ച്ചിന്റെ തനിയാവര്‍ത്തനമോ ഓഹരി വിപണിയില്‍? കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ ഇന്ന് ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. സെന്‍സെക്‌സ് 1707 പോയ്ന്റ് ഇടിഞ്ഞ് 47883.38ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 524 പോയ്ന്റ് താഴ്ന്ന് 14310ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ ഒന്നുമാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്; ഡോ. റെഡ്ഡീസ് ലാബ്. നിഫ്റ്റി സൂചിക കമ്പനികള്‍ നാലെണ്ണവും ഇന്ന് ഇടിയാതെ പിടിച്ചു നിന്നു.

ഇന്നത്തെ ഇടിവില്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ 8.69 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. കോവിഡ് രണ്ടാം തരംഗത്തില്‍, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തിയതാണ് ഓഹരി വിപണിയെ ആശങ്കയിലാഴ്ത്തിയ ഒരു ഘടകം. കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും മഹാരാഷ്ട്ര സംസ്ഥാനത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ശക്തമായ സൂചനയുണ്ട്. ബുധനാഴ്ച ഇത് സംബന്ധിച്ച അന്തിമതീരുമാനം പുറത്തുവന്നേക്കും. ഇത് വിപണിയെ ഉലച്ചു. മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

അതിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ സംബന്ധിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 929 കോടി രൂപയാണ് പിന്‍വലിച്ചത്. ജനുവരിയിലും ഫെബ്രുവരിയിലും മാര്‍ച്ചിലുമെല്ലാം നിക്ഷേപം നടത്താന്‍ തിരക്കുകൂട്ടിയവര്‍ ഇപ്പോള്‍ അവയെല്ലാം മത്സരിച്ച് പിന്‍വലിക്കുകയാണ്. അതിനിടെ രൂപയുടെ ഡോളറിനെതിരായ വിലതകര്‍ച്ചയും വിപണിയില്‍ വില്‍പ്പനസമ്മര്‍ദ്ദത്തിന് ആക്കം കൂട്ടുന്നു.

ബാങ്കിംഗ് ഓഹരികളും ചീട്ട് കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് തിങ്കളാഴ്ച കണ്ടത്. പ്രമുഖ സ്വകാര്യ ബാങ്കുകളുടെ ഓഹരി വിലകള്‍ മൂന്നുമുതല്‍ എട്ട് ശതമാനം വരെ ഇടിഞ്ഞപ്പോള്‍ പൊതുമേഖലാ ബാങ്കിംഗ് ഓഹരികള്‍ ആറുമുതല്‍ ഒന്‍പതുശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കിംഗ്‌സ് ഇന്‍ഫ്ര ഓഹരി വില മാത്രമാണ് ഇടിയാതെ നിന്നത്. ബാക്കിയെല്ലാ കേരള കമ്പനികളുടെയും ഓഹരി വിലകള്‍ താഴേക്ക് പോയി. അപ്പോളോ ടയേഴ്‌സ് ഓഹരി വില ഒന്‍പതുശതമാനത്തോളം ഇടിഞ്ഞു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും എട്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക് ഓഹരി വില അഞ്ച് ശതമാനത്തിലേറെ താഴ്ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ആറ് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

അപ്പോളോ ടയേഴ്‌സ് 203.55

ആസ്റ്റര്‍ ഡി എം 143.00

എവിറ്റി 44.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 108.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 356.40

സിഎസ്ബി ബാങ്ക് 255.55

ധനലക്ഷ്മി ബാങ്ക് 14.23

ഈസ്റ്റേണ്‍ ട്രെഡ്‌സ് 52.25

എഫ്എസിടി 104.90

ഫെഡറല്‍ ബാങ്ക് 71.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.30

ഹാരിസണ്‍സ് മലയാളം 139.25

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.05

കല്യാണ്‍ ജൂവലേഴ്‌സ് 68.35

കേരള ആയുര്‍വേദ 50.60

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.50

കിറ്റെക്‌സ് 97.40

കെഎസ്ഇ 2270.00

മണപ്പുറം ഫിനാന്‍സ് 147.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 371.00

മുത്തൂറ്റ് ഫിനാന്‍സ് 1159.55

നിറ്റ ജലാറ്റിന്‍ 160.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.51

റബ്ഫില ഇന്റര്‍നാഷണല്‍ 57.55

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.09

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.87

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 104.50

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.20

വണ്ടര്‍ലാ ഹോളിഡേയ്‌സ് 183.00

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it