1,024 പോയ്ന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; കാരണങ്ങള്‍ ഇതാണ്

കേന്ദ്ര ബജറ്റ് ഉയര്‍ത്തിയ ആവേശത്തിരമാല ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങി. ഇന്ന്, തുടര്‍ച്ചയായി മൂന്നാം ദിവസവും, ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്‌സ് 1,024 പോയ്ന്റ് അഥവാ 1.75 ശതമാനം ഇടിഞ്ഞ് 57,621ലും നിഫ്റ്റ് 303 അഥവാ 1.73 ശതമാനം ഇടിഞ്ഞ് 17,150ലും ക്ലോസ് ചെയ്തു.

തുടര്‍ച്ചയായി മൂന്ന് ദിവസം സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരുടെ ഏഴ് ലക്ഷം കോടി രൂപയാണ് ആവിയായി പോയത്.

ഇന്ന് മാത്രം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 2.9 ലക്ഷം കോടി രൂപയാണ്. 300 ഓളം ഓഹരി വിലകള്‍ അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.
ഇടിഞ്ഞത് എന്തുകൊണ്ട്?
കഴിഞ്ഞ വാരത്തില്‍ വിപണിയെ ആവേശത്തിലാഴ്ത്തിയ ഒരു ഘടകം കേന്ദ്ര ബജറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ മൂലധന നിക്ഷേപത്തിന് നല്‍കിയ ഊന്നല്‍ വിപണിയെ ഉത്തേജിപ്പിച്ചു. എന്നാല്‍ അതിന് ആയുസ് കുറവായിരുന്നു. ആഗോളതലത്തിലെ പല ഘടകങ്ങളും സമ്പദ് വ്യവസ്ഥയിലെ യാഥാര്‍ത്ഥ്യങ്ങളും വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയതോടെ സൂചികകള്‍ താഴേക്കുള്ള യാത്ര തുടങ്ങുകയും ചെയ്തു.

കുതിച്ചുമുന്നേറുന്ന ക്രൂഡ് വില, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പന, വിപണിയിലേക്കുള്ള ധനലഭ്യതയ്ക്ക് തടയിടുന്ന വിധത്തിലേക്ക് കേന്ദ്ര ബാങ്കുകളുടെ നയരൂപീകരണം തുടങ്ങിയവയാണ് ഓഹരി വിപണിയെ ഉലച്ചത്.

ക്രൂഡ് വില ബാരലിന് 100 ഡോളര്‍ എന്ന നിലയിലേക്ക് അതിവേഗമെത്തുകയാണ്. ആഗോള പ്രശ്‌നങ്ങളേക്കാള്‍ ഡിമാന്റ് വര്‍ധനയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു. യുക്രൈന്‍ പ്രതിസന്ധി ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും ഡിമാന്റ് അനുസരിച്ച് സപ്ലൈ ഉയരാത്തത് ക്രൂഡ് വില കൂടാന്‍ കാരണമാകുന്നുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങളുടെ കഴിഞ്ഞ യോഗത്തിലും ഡിമാന്റ് വര്‍ധന പരിഗണിച്ച് സപ്ലെ കൂട്ടേണ്ടതില്ലെന്ന തീരുമാനമാണ് സ്വീകരിച്ചത്. ഇത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

റിസര്‍വ് ബാങ്ക് പണനയയോഗം നാളെ ആരംഭിച്ച്, വ്യാഴാഴ്ച നയപ്രഖ്യാപനം നടത്തും. വിലക്കയറ്റത്തിന്റെ വെളിച്ചത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയുമുണ്ട്. അങ്ങനെയെങ്കില്‍ അത് വിപണിയെ വീണ്ടും ഉലയ്ക്കും. മറ്റ് കേന്ദ്ര ബാങ്കുകളും പണനയം കര്‍ശനമാക്കുകയാണ്. ഇത് വിപണിയിലേക്കുള്ള ധനലഭ്യത ചുരുക്കും.
കേരള കമ്പനികളുടെ പ്രകടനം
പത്ത് കേരള കമ്പനികളുടെ ഓഹരി വിലകളാണ് ഇന്ന് താഴാതെ പിടിച്ചുനിന്നത്. അപ്പോളോ ടയേഴ്‌സ്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, ഇന്‍ഡിട്രേഡ്, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍, വിഗാര്‍ഡ് ഓഹരി വിലകള്‍ ഉയര്‍ന്നു. വി ഗാര്‍ഡ് ഓഹരി വില 3.65 ശതമാനം കൂടി. കിംഗ്‌സ് ഇന്‍ഫ്ര ഓഹരി വിലയും 3.80 ശതമാനം കൂടി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it