അഞ്ച് ദിവസങ്ങള്‍ക്കുശേഷം പച്ച തൊട്ട് വിപണി, സെന്‍സെക്‌സ് 574 പോയ്ന്റ് ഉയര്‍ന്നു

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനുശേഷം പച്ച തൊട്ട് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 574 പോയ്ന്റ് അഥവാ ഒരു ശതമാനം ഉയര്‍ച്ചയോടെ 57,037 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓട്ടോ, എഫ്എംസിജി സ്റ്റോക്കുകളുടെ വാങ്ങലുകളാണ് വിപണിയെ ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ പോലും വിപണി ചുവപ്പിലേക്ക് നീങ്ങിയില്ല. നിഫ്റ്റി 50 സൂചിക 178 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 17,136 ലാണ് ക്ലോസ് ചെയ്തത്. രണ്ട് സൂചികകളും യഥാക്രമം 57216, 17187 എന്നിങ്ങനെ ഇന്‍ട്രാ-ഡേയുടെ ഉയര്‍ന്ന നിലവാരത്തിലെത്തി.

അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മാരുതി സുസുകി, ഏഷ്യന്‍ പെയ്ന്റ്സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ് എന്നിവ 2.4 ശതമാനത്തിനും 3.4 ശതമാനത്തിനും ഇടയില്‍ മുന്നേറി. അതേസമയം, ബജാജ് ട്വിന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ എന്നിവ 3 ശതമാനം വരെ താഴ്ന്നു.
വിശാല വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം വരെ ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി ഓട്ടോ സൂചിക 2.4 ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി പച്ചയില്‍ തുടര്‍ന്നപ്പോള്‍ 16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.18 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (5.77 ശതമാനം), ഹാരിസണ്‍സ് മലയാളം (6.79 ശതമാനം), കിറ്റെക്‌സ് (5.29 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.95 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.





Related Articles
Next Story
Videos
Share it