നേട്ടം വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഒലിച്ചുപോയി, ആറാംദിവസവും വിപണിയില്‍ ഇടിവ്!

ഇന്നലത്തെ ഇടിവിന് ശേഷം ഇന്നൊരു ആശ്വാസറാലി പ്രതീക്ഷിച്ചവര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ടായിരുന്നു ഓഹരി വിപണിയുടെ തുടക്കം. പക്ഷേ നേട്ടം വിപണിക്ക് പിടിച്ചുനിര്‍ത്താനായില്ല. വ്യാപാരത്തിന്റെ അവസാനമണിക്കൂറുകളില്‍ ഐറ്റി, ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദം സൂചികകളെ വലിച്ചുതാഴ്ത്തി. ഒരു ഘട്ടത്തില്‍ 501 പോയ്ന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് വ്യാപാരാന്ത്യത്തില്‍ 69 പോയ്ന്റ് താഴ്ന്ന് 57,232ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 29 പോയ്ന്റ് ഇടിഞ്ഞ് 17,063ലും ക്ലോസ് ചെയ്തു.

അതേ സമയം വിശാല വിപണി മുഖ്യ സൂചികകളെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

റഷ്യ-യുക്രൈന്‍ പ്രശ്‌നവും ക്രൂഡ് വില വര്‍ധനയും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വെല്ലുവിളി സൃഷ്ടിക്കുമെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന ഇന്ന് ട്രേഡേഴ്‌സിനെ ജാഗരൂകരാക്കിയിട്ടുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. വണ്ടര്‍ല ഓഹരി വില 6.28 ശതമാനത്തോളം ഉയര്‍ന്നു. എവിറ്റി നാച്വറല്‍ ഓഹരി വില 6.41 ശതമാനവും വര്‍ധിച്ചു. കിംഗ്‌സ് ഇന്‍ഫ്ര, റബ്ഫില എന്നിവയുടെ ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ കൂടി.



Related Articles
Next Story
Videos
Share it