പുതുവര്‍ഷത്തില്‍ മിന്നിതിളങ്ങി ഓഹരി വിപണി; സെന്‍സെക്‌സ് 929 പോയ്ന്റ് ഉയര്‍ന്നു

ആഭ്യന്തര നിക്ഷേപകര്‍ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താന്‍ തയ്യാറായി മുന്നിട്ടിറങ്ങിയ കാഴ്ചയാണ് ഇന്ന് ഓഹരി വിപണിയില്‍ കണ്ടത്. 2022ലെ ആദ്യ വ്യാപാര ദിനത്തില്‍ തന്നെ സൂചികകള്‍ ഗണ്യമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 929 പോയ്ന്റ് നേട്ടത്തില്‍ 59,266 ല്‍ ക്ലോസ് ചെയ്തു. സൂചിക കമ്പനികളില്‍ 30ല്‍ 26 ഉം ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി.

നിഫ്റ്റി 272 പോയ്ന്റ് നേട്ടത്തില്‍ 17,626ല്‍ ക്ലോസ് ചെയ്തു.
വിപണിയെ ഉത്തേജിപ്പിച്ചതെന്ത്?
ഡിസംബര്‍ മാസത്തെ ജി എസ് ടി വരുമാനക്കണക്ക് ഓഹരി വിപണിയെ ഉത്തേജിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലുണ്ടായ ജി എസ് ടി വരുമാനത്തേക്കാള്‍ 13 ശതമാനം അധികമാണ് ഈ ഡിസംബറിലേത്. തൊട്ടുമുന്‍മാസത്തെ വരുമാനം ഡിസംബറില്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ഡിസംബറില്‍ ജിഎസ്ടി വരുമാനം 1.29 ലക്ഷം കോടിയിലെത്തി. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും നികുതി വെട്ടിപ്പ് കുറഞ്ഞതുമാണ് ജി എസ് ടി വരുമാനം ഉയരുന്നതിന് കാരണമായതെന്ന് ധനമന്ത്രാലയം അവകാശപ്പെടുന്നുണ്ട്.

മുഖ്യസൂചികകളുടെ അത്ര തിളക്കമാര്‍ന്ന നേട്ടം ഇന്ന് വിശാലവിപണിയില്‍ കണ്ടില്ല. മുഖ്യ സൂചികകള്‍ 1.6 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 1.2 ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് വെറും അഞ്ച് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ് എ സി ടി, കല്യാണ്‍ ജൂവല്ലേഴ്‌സ്, കേരള ആയുര്‍വേദ, സ്‌കൂബിഡേ എന്നിവയുടെ ഓഹരി വിലകളാണ് ഇന്ന് താഴ്ന്നത്.

നിറ്റ ജലാറ്റിന്‍ ഓഹരി വില 6.38 ശതമാനം ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ ഇന്ന് 5.06 ശതമാനം വര്‍ധനയാണുണ്ടായത്. റബ്ഫില ഓഹരി വിലയും 5.18 ശതമാനം ഉയര്‍ന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it