സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ വിപണിയില്‍ നേരിയ ഇടിവ്, സെന്‍സെക്‌സ് 115 പോയ്ന്റ് താഴ്ന്നു

2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനത്തില്‍ നേരിയ ഇടിവോടെ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 115 പോയിന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 58,568 ലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡ്രാ ഡേയില്‍ 58,891 എന്ന ഉയര്‍ന്ന നിലയിലെത്തിയ സെന്‍സെക്‌സ് സൂചിക വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് സെഷന്റെ രണ്ടാം പകുതിയില്‍ ഇടിവിലേക്ക് വീഴുകയായിരുന്നു. നിഫ്റ്റി സൂചിക 33.5 പോയ്ന്റ് ഇടിഞ്ഞ് 17,464.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ മുന്‍നിര സൂചികകളെ മറികടക്കുകയും 0.3 ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്യുകയും ചെയ്തു. മേഖലാതലങ്ങളില്‍ ഫാര്‍മ സൂചിക 1.3 ശതമാനം ഇടിഞ്ഞു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക (0.8 ശതമാനം), ഐടി സൂചിക (0.4 ശതമാനം) എന്നിവയും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി എഫ്എംസിജി സൂചിക 1.2 ശതമാനം മുന്നേറിയപ്പോള്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, റിയാലിറ്റി സൂചികകള്‍ 0.3 ശതമാനം ഉയര്‍ന്നു. എം ആന്‍ഡ് എം, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ, എച്ച്യുഎല്‍, ആക്സിസ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നിഫ്റ്റിയില്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.
വിശാല വിപണിയില്‍, അദാനി പവര്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, എച്ച്എഎല്‍, കന്‍സായി നെറോലാക്ക്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഷൈലി, ഡിഎഫ്എം ഫുഡ്സ് എന്നിവ 6 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ ഉയര്‍ന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കേരള കമ്പനികളുടെ പ്രകടനം
വിപണിയില്‍ നേരിയ ഇടിവുണ്ടായെങ്കിലും കേരള കമ്പനികളില്‍ 18 എണ്ണവും നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദയുടെ ഓഹരി വില 10.46 ശതമാനമാണ് ഉയര്‍ന്നത്. അപ്പോളോ ടയേഴ്സ് (1.57 ശതമാനം), എവിറ്റി (6.70 ശതമാനം), ധനലക്ഷ്മി ബാങ്ക് (5 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (7.36 ശതമാനം), കിറ്റെക്സ് (2.2 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.81 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. അതേസമയം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, കല്യാണ്‍ ജൂവലേഴ്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.





Related Articles
Next Story
Videos
Share it