ഇടിവ് തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് 303 പോയ്ന്റ് താഴ്ന്നു

ചെറിയ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിട്ടെങ്കിലും ഇടിവ് തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 303 പോയ്ന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 53,749 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ 54,197 പോയ്ന്റ് വരെ തൊട്ട സെന്‍സെക്‌സ് പിന്നീട് ചുവപ്പിലേക്ക് വീണു. എന്‍എസ്ഇയില്‍, നിഫ്റ്റി 50 സൂചിക 99 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 16,026 ലാണ് ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ, പൊതുമേഖലാ ബാങ്കുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് സൂചികകളെ താഴ്ത്തിയത്.

ഏഷ്യന്‍ പെയ്ന്റ്സ്, അദാനി പോര്‍ട്ട്സ്, ദിവിസ് ലാബ്സ്, യുപിഎല്‍, ടെക് എം, വിപ്രോ, ടിസിഎസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ജെഎസ്ഡബ്ല്യുഎസ് സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, എം ആന്‍ഡ് എം എന്നിവയുടെ ഓഹരിവില 2-8 ശതമാനം വരെയാണ് ഇടിഞ്ഞത്. അതേസമയം എന്‍ടിപിസി, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, കൊട്ടക് ബാങ്ക്, എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നിവ 1-4 ശതമാനം വരെ ഉയര്‍ന്നു. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക ഏകദേശം 3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2 ശതമാനത്തിനടുത്തും ഇടിഞ്ഞതോടെ വിശാല വിപണിയും ചോര്‍ന്നു.
നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയല്‍റ്റി സൂചിക 2.7 ശതമാനവും നിഫ്റ്റി മെറ്റല്‍ 1.7 ശതമാനവും നിഫ്റ്റി ഓട്ടോ 0.9 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവ് തുടര്‍ന്നപ്പോള്‍ ഇന്ന് നേട്ടമുണ്ടാക്കിയത് നാല് കേരള കമ്പനികള്‍ മാത്രം. ആസ്റ്റര്‍ ഡി എം (3.65 ശതമാനം), കേരള ആയുര്‍വേദ (1.28 ശതമാനം), കെഎസ്ഇ (0.12 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (3.26 ശതമാനം) എന്നിവയുടെ ഓഹരി വിലകള്‍ മാത്രമാണ് ഉയര്‍ന്നത്. അതേസമയം, നാളെ ത്രൈമാസ ഫലം പ്രഖ്യാപിക്കാനിരിക്കെ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില 4.93 ശതമാനത്തോളം ഇടിഞ്ഞു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, കിറ്റെക്സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുടെ ഓഹരി വിലയില്‍ 2-7 ശതമാനം വരെ ഇടിവുണ്ടായി.





Related Articles
Next Story
Videos
Share it