ഓഹരി വിപണിയില്‍ 'കറുത്ത വെള്ളി': കനത്ത ഇടിവിന് കാരണങ്ങള്‍ ഇതാ

കോവിഡ് വൈറസിന്റെ പുതിയ വകഭേദം ആഗോള വിപണികളെ പിടിച്ചുലച്ചു. അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും താഴേയ്ക്ക് പോകുന്ന കാഴ്ചയാണ് ഇന്നുണ്ടായത്.

സെന്‍സെക്‌സ് 1,688 പോയ്ന്റ്, അഥവാ 2.9 ശതമാനം ഇടിഞ്ഞ് 57,107ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 510 പോയ്ന്റ് അഥവാ 2.9 ശതമാനം ഇടിഞ്ഞ് 17,026ലും ക്ലോസ് ചെയ്തു. ആഗസ്തിന് ശേഷം ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയേറെ ഇടിവ് നിഫ്റ്റിയിലുണ്ടാവുന്നത്.

ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദമാണ് ഇന്ന് ആഗോള വിപണികളെ ഉലച്ചത്. അതിനൊപ്പം നാണ്യപ്പെരുപ്പ ഭീഷണിയും ഫെഡ് റിസര്‍വിന്റെ നയങ്ങള്‍ കര്‍ശനമാകാന്‍ ഇടയുണ്ടെന്ന സൂചനയും വിപണികളില്‍ ഭീതി പരത്തി.

കോവിഡ് വീണ്ടും ചങ്ങല പൊട്ടിച്ച് വ്യാപകമായാല്‍ അത് മൂലം പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന കമ്പനികളുടെയെല്ലാം ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറി. അതേ സമയം ഫാര്‍മ മേഖലയില്‍ നിക്ഷേപക താല്‍പ്പര്യം തുടര്‍ന്നു.

വിശാല വിപണിയിലും തകര്‍ച്ചയായിരുന്നു. ബിഎസ്ഇ മിഡ്കാപ് 3.2 ശതമാനവും സ്‌മോള്‍കാപ് 2.6 ശതമാനവും ഇടിഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വ്യോമഗതാഗതം പോലും നിര്‍ത്തിവെച്ചേക്കുമെന്ന സൂചനകള്‍ വന്നതോടെ ഉണ്ടായ ആശങ്ക ബി എസ് ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിന്റെ 7.45 ലക്ഷം കോടി രൂപയാണ് ചോര്‍ത്തിക്കളഞ്ഞത്.
കേരള കമ്പനികളുടെ പ്രകടനം
ഏഴ് കേരള കമ്പനികള്‍ മാത്രമാണ് വിപണിയിലെ രക്തച്ചൊരിച്ചിലെ അതിജീവിച്ച് നഷ്ടമില്ലാതെ രക്ഷപ്പെട്ടത്. സിഎസ്ബി ബാങ്ക് ഓഹരി 0.34 ശതമാനമെന്ന നേരിയ നേട്ടമാണ് കാണിച്ചത്.

ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരി വില 12.60 ശതമാനം ഇടിഞ്ഞു. അപ്പോളോ ടയേഴ്‌സ് ഓഹരി വില 4.97 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഫെഡറല്‍ ബാങ്ക് ഓഹരി വില നാലര ശതമാനത്തോളം താഴേക്ക് പോയി.

ഹാരിസണ്‍ മലയാളം ഓഹരി വില 6.47 ശതമാനം ഇടിഞ്ഞു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it