ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു

ആഭ്യന്തര വിപണിയില്‍ നിന്നുള്ള ശുഭസൂചനകളുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി സൂചികകള്‍ മുന്നേറി. സെന്‍സെക്‌സ് 477.99 പോയ്ന്റ് ഉയര്‍ന്ന് 60545.61 പോയ്ന്റിലും നിഫ്റ്റി 151.70 പോയ്ന്റ് ഉയര്‍ന്ന് 18068.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ധന നികുതി കുറച്ചതും ഉത്സവകാല വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവുമെല്ലാം വിപണിയില്‍ പ്രതിഫലിച്ചു.

1707 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1475 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഒസി, ടൈറ്റന്‍ കമ്പനി, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര തുടങ്ങിവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡിവിസ് ലാബ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ, മാരുതി സുസുകി തുടങ്ങിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഫാര്‍മ, ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. കാപിറ്റല്‍ ഗുഡ്‌സ്, പിഎസ്‌യു ബാങ്ക്, ഐറ്റി, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 1.2 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.78 ശതമാനവും നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചത്. 18 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് 8.52 ശതമാനം നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റബ്ഫില ഇന്റര്‍നാഷണല്‍ (6.10 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (5.58 ശതമാനം) തുടങ്ങിയവും വലിയ നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), മണപ്പുറം ഫിനാന്‍സ് (4.97 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.86 ശതമാനം), നിറ്റ ജലാറ്റിന്‍ (4.15 ശതമാനം), കിറ്റെക്‌സ് (4.07 ശതമാനം), കേരള ആയുര്‍വേദ (3.77 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡി എം, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 11 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.





Related Articles
Next Story
Videos
Share it