ഓട്ടോ, പവര്‍ ഓഹരികള്‍ കരുത്തുകാട്ടി റെക്കോര്‍ഡ് ഉയരത്തിലെത്തി സൂചികകള്‍

ഇന്ത്യന്‍ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്‌സ് 76.72 പോയ്ന്റ് ഉയര്‍ന്ന് 60135.78 പോയന്റിലും നിഫ്റ്റി 50.80 പോയ്ന്റ് ഉയര്‍ന്ന് 17946 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും കോവിഡ് കേസുകള്‍ കുറഞ്ഞതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമെല്ലാം വിപണിയെ സ്വാധീനിച്ചു. ഓട്ടോ, പവര്‍, ബാങ്ക്, മെറ്റല്‍, റിയല്‍റ്റി മേഖലകളാണ് മികച്ച പ്രകടനം നടത്തിയത്. ഉത്സവ സീസണില്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് പഴയനിലയിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചനകള്‍ ലഭിച്ചത് നിക്ഷേപകരില്‍ ഓട്ടോ ഓഹരികളോടുള്ള താല്‍പ്പര്യം ഉയര്‍ത്തി.
1814 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1375 ഓഹരികളുടെ വില ഇടിഞ്ഞു. 141 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്‌നോളജീസ്, വിപ്രോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി സൂചികയില്‍ മൂന്നു ശതമാനം ഇവിടാണ് ഇന്ന് നേരിട്ടത്. ഓട്ടോ, ബാങ്ക്, മെറ്റല്‍, പവര്‍, റിയല്‍റ്റി സൂചികകളില്‍ 1-2.5 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. പാറ്റ്‌സ്പിന്‍ (4.95 ശതമാനം), എവിറ്റി (4.35 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.67 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.56 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.09 ശതമാനം), കെഎസ്ഇ (1.06 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.98 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. എഫ്എസിടി, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ധനലക്ഷ്മി ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, കിറ്റെക്‌സ് തുടങ്ങി 14 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.





Related Articles
Next Story
Videos
Share it