തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക് സൂചിക 336.46 പോയ്ന്റ ഇടിഞ്ഞ് 60,923 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 88.5 പോയ്ന്റ് കുറഞ്ഞ് 18,178 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റ് ബാങ്ക് സൂചിക 512 പോയ്ന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലയായ 40,030 പോയ്ന്റിലെത്തി. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക, 300 പോയിന്റ് ഉയര്‍ച്ചയോടെ 61,557 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. മിനുട്ടുകള്‍ക്കകം 61,621 എന്ന ഉയര്‍ന്ന നിലയിലെത്തി. പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 1,135 പോയിന്റ് കുറഞ്ഞ് 60,486 പോയ്ന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സ്, അതിന്റെ ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകയും ഒടുവില്‍ 337 പോയിന്റ് നഷ്ടത്തില്‍ 60,923 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.
കമ്പനികളില്‍ ഏഷ്യന്‍ പെയിന്റ്‌സാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. രണ്ടാം പാദ ഫലത്തില്‍ 28.2 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 5 ശതമാനത്തിലധികം കുറഞ്ഞ് ഓഹരി വില 3,004 രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസന്റെ ഓഹരി വില ഏകദേശം 3 ശതമാനം ഇടിഞ്ഞ് 2,623 രൂപയായി. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ്, ടാറ്റാ സ്റ്റീല്‍, ടിസിഎസ് എന്നിവയാണ് 2 ശതമാനം വീതം നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. അതേസമയം, കൊട്ടക് ബാങ്കിന്റെ ഓഹരി വില 6.5 ശതമാനം ഉയര്‍ന്ന് 2,146 രൂപയിലെത്തി. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി എന്നിവ 1-2 ശതമാനം വീതം ഉയര്‍ന്നു. ആകെ 1,610 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,676 കമ്പനികള്‍ നഷ്ടം നേരിടേണ്ടിവന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.7 ശതമാനവും കുറഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും കമ്പനികളും നേട്ടമുണ്ടാക്കി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (9.36 ശതമാനം), സ്‌കൂബീഡേ (1.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.72 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.21 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.42 ശതമാനം), നിറ്റ ജലാറ്റിന്‍ (3.52 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.25 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (2.53 ശതമാനം), ഫെഡറല്‍ ബാങ്ക് (2.66 ശതമാനം) തുടങ്ങിയ 20 ഓളം കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ്, കിറ്റെക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
അതേസമയം, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ഓഹരി വിപണിയിലെ പേര് മാറ്റി. സ്‌കൂബീഡേ എന്ന പേരിലാണ് വ്യാപാരം നടത്തുന്നത്.