ഓഹരി വിപണിയില്‍ കരടിയിറങ്ങി; സെന്‍സെക്‌സില്‍ ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്!

നിക്ഷേപകര്‍ റിസ്‌കെടുക്കാനുള്ള താല്‍പ്പര്യം കുറച്ച് വ്യാപകമായ വില്‍പ്പനയിലേക്ക് കടന്നതോടെ ഇന്ന് ഇന്ത്യന്‍ മുഖ്യ ഓഹരി സൂചികകള്‍ രേഖപ്പെടുത്തിയത് ഏകദേശം രണ്ടുശതമാനത്തോളം ഇടിവ്. സെന്‍സെക്‌സ് 1.9 ശതമാനം ഇടിഞ്ഞ് 59,984.7 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റിയും 1.9 ശതമാനം ഇടിഞ്ഞ് 17,857.25 ല്‍ ക്ലോസ് ചെയ്തു. ഏപ്രില്‍ മാസമാദ്യമുണ്ടായ ഇടിവിനുശേഷം ഇതുപോലെ താഴ്ന്നത് ഇപ്പോള്‍ മാത്രമാണ്.

ഇന്നത്തെ ഇടിവിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഓഹരി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതത്. ഒന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വന്‍തോതിലുള്ള വില്‍പ്പന, രണ്ട് നൊമുറയ്ക്കും യുബിഎസിനും പിന്നാലെ ഇന്ന് മോര്‍ഗാന്‍ സ്റ്റാന്‍ലി ഇന്ത്യന്‍ ഇക്വിറ്റീസിനെ ഡൗണ്‍ ഗ്രേഡ് ചെയ്തത്.

രാജ്യത്തെ ഐപിഒ മാര്‍ക്കറ്റ് സജീവമാകുന്നതും അടുത്ത ഏതാനും ആഴ്ചകളില്‍ ഓഹരി വിപണിയിലെ പണലഭ്യതയെ സ്വാധീനിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നൈക, പേടിഎം, പോളിസി ബസാര്‍ തുടങ്ങി പ്രമുഖ കമ്പനികളുടെ ഐ പി ഒയാണ് നടക്കുന്നത്. നൈകയും പേടിഎം കൂടി മാത്രം 24,000 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെയാണ് വരുന്നത്. ഇവയില്‍ പണം നിക്ഷേപിക്കാന്‍ വേണ്ടി നിക്ഷേപക സ്ഥാപനങ്ങള്‍ തിരക്കുകൂട്ടുമ്പോള്‍ സെക്കന്ററി മാര്‍ക്കറ്റില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടനമാകും. അതുപോലെ പണലഭ്യത കുറയാനുമിടയാകും.

കേന്ദ്രബാങ്കുകളുടെ പണനയങ്ങള്‍ പുറത്തുവരാനിരിക്കെ ഏഷ്യന്‍, യൂറോപ്പ് ഓഹരി വിപണികളും ശ്രദ്ധയോടെയാണ് നീങ്ങുന്നത്.

കഴിഞ്ഞ എട്ട് വ്യാപാര സെഷനിലിടെ നിക്ഷേപകരുടെ 14 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. അതില്‍ 4.75 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്ന് മാത്രമായി സംഭവിച്ചതാണ്.
കേരള കമ്പനികളുടെ പ്രകടനം
കല്യാണ്‍ ജൂവല്ലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, നിറ്റ ജലാറ്റിന്‍, റബ്്ഫില, വി ഗാര്‍ഡ്, വണ്ടര്‍ല എന്നീ കമ്പനികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. വിഗാര്‍ഡ് ഓഹരി വില 4.90 ശതമാനം വര്‍ധിച്ചു.

മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ താഴ്ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.





Related Articles
Next Story
Videos
Share it