60,000 ന് മുകളില്‍ സെന്‍സെക്‌സ് ഐറ്റി, റിയല്‍റ്റി ഓഹരികള്‍ കരുത്തുകാട്ടി

സെന്‍സെക്‌സ് 60,000 പോയ്ന്റ് എന്ന എക്കാലത്തെയും മികച്ച ഉയരത്തിലെത്തിയ ദിനമായിരുന്നു ഇന്ന്. 50,000 പോയ്ന്റില്‍ നിന്ന് 60,000ത്തിലെത്താന്‍ വേണ്ടി വന്നത് വെറും 166 ട്രേഡിംഗ് സെഷനുകള്‍ മാത്രം. ഇത് റെക്കോര്‍ഡാണ്. 40,000 പോയ്ന്റില്‍ നിന്ന് 50,000ത്തിലെത്താന്‍ 415 സെഷനുകള്‍ വേണ്ടി വന്നിരുന്നു. ജനുവരിയിലാണ് സെന്‍സെക്‌സ് 50000 തൊട്ടത്. 2006-2007 ല്‍ 10,000 പോയ്ന്റില്‍ നിന്ന് 20000ത്തിലെത്താന്‍ 432 സെഷനുകള്‍ വേണ്ടിവന്നതൊഴിച്ചാല്‍ അതിനു മുമ്പും ശേഷവും പതിനായിരം പോയ്ന്റ് മുന്നേറാന്‍ ആയിരത്തിലേറെ ട്രേഡിംഗ് സെഷനുകള്‍ വേണ്ടി വന്നിരുന്നു.

സെന്‍സെക്‌സ് 163.11 പോയ്ന്റ് ഉയര്‍ന്ന് 60048.47 പോയ്ന്റിലും നിഫ്റ്റി 30.20 പോയ്ന്റ് ഉയര്‍ന്ന് 17853.20 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണി ദുര്‍ബലമായിരുന്നെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ വിപണിക്ക് താങ്ങാവുകയായിരുന്നു. അതേസമയം നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകള്‍ നേരിയ തോതില്‍ താഴ്ന്നു. പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകളില്‍ ഉണ്ടായ വര്‍ധനവാണ് റിയല്‍റ്റി ഓഹരികള്‍ക്ക് പ്രധാനമായും തുണയായത്.
1286 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1894 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 152 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എം& എം, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ, ഡിവിസ് ലാബ്്‌സ്, എക്‌സിസ് ബാങ്ക് എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബിഎസ്ഇ മിഡ്കാപ് സൂചിക 1 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.3 ശതമാനവും താഴ്ന്നു.
ഐറ്റി, ഓട്ടോ, റിയല്‍റ്റി ഒഴികെയുള്ള സെക്ടറര്‍ സൂചികകള്‍ എല്ലാം നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍, എഫ്എംസിജി, പി എസ് യു ബാങ്ക്, പവര്‍ സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഏഴെണ്ണത്തിന് മാത്രമേ ഇന്ന് നേട്ടമുണ്ടാക്കാനായുള്ളൂ. 6.60 ശതമാനം നേട്ടവുമായി എഫ്എസിടി കരുത്തുകാട്ടി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (5.58 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.07 ശതമാനം), ആസ്റ്റര്‍ ഡിഎം (1.45 ശതമാനം), സിഎസ്ബി ബാങ്ക് (0.91 ശതമാനം), ഇന്‍ഡിട്രേഡ് (0.84 ശതമാനം), കെഎസ്ഇ (0.31 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, അപ്പോളോ ടയേഴ്‌സ്, എവിറ്റി, ധനലക്ഷ്മി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 20 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കാനായില്ല. വണ്ടര്‍ലാ ഹോളിഡേയ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.





Related Articles
Next Story
Videos
Share it