ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍
ഉയര്‍ന്നും താണും ഒടുവില്‍ നേട്ടത്തോടെ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 160 പോയ്ന്റ് ഉയര്‍ന്ന് 62570.68 പോയ്ന്റിലും നിഫ്റ്റി 48.80 പോയ്ന്റ് ഉയര്‍ന്ന് 18,609.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1808 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1587 ഓഹരികളുടെ വില ഇടിഞ്ഞു. 122 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ലാര്‍സണ്‍ ആന്റ് ടര്‍ബോ, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എന്നാല്‍ സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
പിഎസ്‌യു ബാങ്ക് സൂചിക നാലു ശതമാനം ഇന്ന് ഉയര്‍ന്നത്. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 1 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തി. ഫാര്‍മ സൂചികയില്‍ ഒരു ശതമാനവും പവര്‍, റിയല്‍റ്റി സൂചികകളില്‍ 0.5 ശതമാനവും ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.3-0.4 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
18 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. എഫ്എസിടി (5.17 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.53 ശതമാനം), ഫെഡറല്‍ ബാങ്ക് (2.76 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.49 ശതമാനം), സിഎസ്ബി ബാങ്ക് (1.98 ശതമാനം), എവിറ്റി (1.95 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.19 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, കല്യാണ്‍ ജൂവലേഴ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ആസ്റ്റര്‍ ഡി എം, റബ്ഫില ഇന്റര്‍നാഷണല്‍, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി 11 കേരള കമ്പനി ഓഹരികളുടെ വില ഇന്നിടിഞ്ഞു.