അറ്റാദായം 263 ശതമാനം ഉയര്‍ന്നു, ഈ കേരള കമ്പനിയുടെ ഓഹരി വില ഒറ്റയടിക്ക് ഉയര്‍ന്നത് ഏഴ് ശതമാനം

ജൂണ്‍ പാദത്തില്‍ മികച്ച അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഓഹരി വിപണിയില്‍ തിളങ്ങി കേരള കമ്പനിയായ നിറ്റ ജെലാറ്റിന്‍. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 263 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 2021 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 3.36 കോടി രൂപയായിരുന്നു അറ്റാദായമെങ്കില്‍ ഈ വര്‍ഷമത് 12.23 കോടി രൂപയായാണ് ഉയര്‍ന്നത്. ഇക്കാലയളവിലെ വരുമാനവും 25.7 ശതമാനം ഉയര്‍ന്നു. 135.5 കോടി രൂപയാണ് കഴിഞ്ഞപാദത്തിലെ വരുമാനം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 107.8 കോടി രൂപയായിരുന്നു.

മാര്‍ച്ച പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.34 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. 12.19 കോടി രൂപയായിരുന്നു മാര്‍ച്ച് പാദത്തിലെ അറ്റാദായം. വരുമാനത്തില്‍ 4.74 ശതമാനത്തിന്റെ ഇടിവുമുണ്ടായി.

അതേസമയം, മുന്‍വര്‍ഷത്തെ കാലളവിനേക്കാള്‍ അറ്റാദായം ഉയര്‍ന്നതോടെ നിറ്റ ജെലാറ്റിന്റെ ഓഹരി വില ഇന്നലെ ഏഴ് ശതമാനം അഥവാ 23.20 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 361.35 രൂപ എന്ന നിലയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നിറ്റ ജെലാറ്റിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 41 ശതമാനത്തിന്റെ വളര്‍ച്ചയാണ് നിറ്റ ജെലാറ്റിന്റെ ഓഹരി വിലയിലുണ്ടായത്.

ജപ്പാന്റെ നിറ്റ ജെലാറ്റിന്റെ ഒരു അനുബന്ധ കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍ജിഐഎല്‍). മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന ജെലാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ആഗോള നിര്‍മ്മാതാക്കളാണ് നിറ്റ. നിറ്റ ജെലാറ്റിന്‍ ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്‌ഐഡിസി) സംയുക്ത സംരംഭമായി ആരംഭിച്ച കേരള പ്രോട്ടീന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (കെസിപിഎല്‍) 2008ലാണ് ആഗോളതലത്തില്‍ നിറ്റയെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റിയത്.

ഒരു ഘട്ടത്തില്‍ കേരളത്തില്‍ അടച്ചുപൂട്ടല്‍ വക്കിലെത്തിയ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. കമ്പനിയുടെ അകത്തും പുറത്തും വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കൂടാതെ, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ച കമ്പനിയെ നേട്ടത്തിലാക്കി. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it