വലിയ കയറ്റങ്ങള്‍ക്കൊടുവില്‍ ചെറുതായൊന്നിടിഞ്ഞ് സ്വര്‍ണ വില
ആഗോള വിപണിയില്‍ 1,912 ഡോളറിലേക്ക് താഴ്ന്ന് സ്വര്‍ണം. കേരളത്തിലും വലിയ കയറ്റങ്ങള്‍ക്ക് ശേഷം ഇന്ന് സ്വര്‍ണ വില ചെറുതായൊന്നിടിഞ്ഞു. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,510 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 44,080 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. 18 കാരറ്റിന് 25 രൂപ കുറഞ്ഞ് 4,568 രൂപയായി. വെള്ളി വിലയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 77 രൂപ രൂപയും പരിശുദ്ധ വെള്ളിക്ക് ഗ്രാമിന് 103 രൂപയുമാണ് വില.
വില വർധനയിലേക്ക്
ഇസ്രായേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണി നേരിടുന്ന ആശങ്കകള്‍ മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും ഇത് സ്വര്‍ണവില കൂടാനിടയാക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ ഉടന്‍ മാറ്റംവരുത്തിയേക്കില്ലെന്ന സൂചനകളെ തുടര്‍ന്ന് കടപ്പത്ര യീല്‍ഡിലുണ്ടായ കുറവും സ്വര്‍ണവില കൂടാന്‍ കളമൊരുക്കുകയാണ്.
കേരളത്തിലെ റെക്കോഡ് വില
കഴിഞ്ഞ മേയ് അഞ്ചിന് കുറിച്ച 45,760 രൂപയാണ് കേരളത്തില്‍ പവന്റെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.